ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്‌എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്‌എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്‌എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.
മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.
സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.