വോട്ടര്‍ പട്ടിക പുതുക്കല്‍
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ നടത്തുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ പരിധിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം സപ്തംബര്‍ 4 ന് ഉച്ചയ്ക്ക് 2 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേരും.
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (തിങ്കള്‍) പേര്യ ഡിവിഷനില്‍ പര്യടനം നടത്തും. തോളക്കര (രാവിലെ 10 ന്) കന്യാമൂല (10.45 ന്), ഇല്ലത്തുമൂല (11.10 ന്), ആലാറ്റില്‍ ക്ഷീര സംഘം ഓഫീസ് (11.40 ന്), അയിനിക്കല്‍ (ഉച്ചയ്ക്ക് 1 ന്), പേര്യ 36 (2.30 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാനതല കായികമേളകളില്‍ പങ്കെടുക്കുന്നതിന് നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്പോര്‍ട്സ് വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്വട്ടേഷന്‍ നല്‍കാം. സെപ്തംബര്‍ 12 ന് വൈകീട്ട് 3 നകം സീനിയര്‍ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയം, കല്ലൂര്‍, നൂല്‍പ്പുഴ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936 270139.
സെക്യൂരിറ്റി നിയമനം; പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ [email protected] എന്ന ഇ-മെയിലിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. എക്‌സ് സര്‍വ്വീസുകാര്‍ക്കും മലയാളത്തിനു പുറമെ രണ്ടു ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.
ടെണ്ടര്‍ ക്ഷണിച്ചു
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 30 ന് ഉച്ചയ്ക്ക് 1 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 211 110.
താല്‍പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വ്യത്യസ്ത മേഖലയില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിനായി താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. വൈദഗ്ദ്ധ്യ പരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ എഫ്.പി.സി, വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നീ 3 വിഭാഗങ്ങളിലാണ് പരിശീലനം നല്‍കേണ്ടത്. താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത അപേക്ഷാ ഫോമില്‍ സെപ്തംബര്‍ 11 ന് വൈകീട്ട് 5 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 299370.
കൂടിക്കാഴ്ച 5 ന്
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ പാചകക്കാരിയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 50 വയസ്സ്. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്സ്. താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 5 ന് ഉച്ചയ്ക്ക് 1.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പഴശ്ശി ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9037234752.
സ്പോട്ട് അഡ്മിഷന്‍
മേരി മാതാ കോളേജില്‍ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളായ എം.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നേരിട്ടോ കോളേജ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം വഴിയോ സെപ്റ്റംബര്‍ 7 നകം അപേക്ഷ നല്‍കണം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്കും, ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8606020642.
ക്ലസ്റ്റര്‍ റിസോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സമഗ്ര ശിക്ഷ കേരളം, വയനാട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ 3 ബി.ആര്‍.സികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും അതേ വിഷയത്തില്‍ ബി.എഡും ഉണ്ടായിരിക്കണം. അധിക യോഗ്യത അഭിലഷണീയം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഓഫീസില്‍ സെപ്തംബര്‍ 11 നകം നല്‍കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 14 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 203338.
റവന്യൂ റിക്കവറി അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്ന് വിവിധയിനം വായ്പകള്‍ എടുത്ത് കുടിശ്ശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും ചെയ്ത ഗുണഭോക്താക്കള്‍ക്ക് പലിശ ഇളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ റവന്യൂ റിക്കവറി അദാലത്ത് സെപ്തംബര്‍ 5 ന് രാവിലെ 11 ന് അമ്പലവയല്‍ റവന്യൂ റിക്കവറി ഓഫീസില്‍ നടക്കും. ഫോണ്‍: 04936 202869, 9400068512.