വരും ദിവസങ്ങളില്‍ മഴ കനക്കും: നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഞായറാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റുപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍.
ശനി : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഞായര്‍ : തിരുവനന്തപുരം
തിങ്കള്‍ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ചൊവ്വ : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീരദേശ മേഖലയില്‍ കാറ്റ് വീശാനുള്ള സാധ്യതയുള്ളതുകൊണ്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ ചാറ്റല്‍ മഴ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെ കിഴക്കൻ മല മേഖലയില്‍ മഴ ശക്തിപ്പെട്ടിരുന്നു. തുടര്‍ന്ന് രാത്രി ഏഴരയോടെ ജില്ലയില്‍ പരക്കെ മഴ ലഭിച്ചിരുന്നു. രാത്രി 11 ഓടെ മഴ ശക്തിപ്രാപിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പമ്ബയില്‍ അടക്കം ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. കിഴക്കൻ മലമേഖലയില്‍ പ്രധാനമായും കക്കി ഡാമിനോട് ചേര്‍ന്നപ്രദേശത്ത് മൂഴിയാര്‍, സായിപ്പൻകുഴിഅടക്കം രണ്ടിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജലസംഭരണികളിലേക്ക് വലിയ തോതില്‍ ജലം ഒഴുകിയെത്തുന്ന നില ഉണ്ടായി. ഇതോടെ രണ്ടു ഡാമുകളും രാത്രി തന്നെ തുറന്നുവിട്ടത്. ഉയര്‍ത്തിയ ഡാം ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്.

പുഴയില്‍ രണ്ടര അടി മാത്രം ഉണ്ടായിരുന്ന ജലനിരപ്പ് ഏറെക്കുറേ ഏഴര അടിയില്‍ അധികമായി ഉയര്‍ന്നു. ഇതോടെ ആറന്മുള ഉത്രട്ടാതി ജലോത്സവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിപൂര്‍ണ്ണമായും മാറി.

ഇത്തവണ മഴയില്‍ 48 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം ആണ് കടന്നു പോയത്. മഴ കുറഞ്ഞത് വൈദ്യുത ഉത്പാദനത്തെ അടക്കം സാരമായി ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *