മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലായി

ബത്തേരി: മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. എര്‍ളോട്ട്‌ കുന്നില്‍ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കുടുങ്ങിയത്. പ്രദേശത്ത്‌ രണ്ട്‌ കൂടുകള്‍ വനം വകുപ്പ്‌ സ്ഥാപിച്ചിരുന്നു.വയനാട്‌ വന്യജീവി സങ്കേതത്തോട്‌ ചേര്‍ന്ന മൂലങ്കാവ്‌ എര്‍ളോട്ട്‌ കുന്നിലാണ്‌ കടുവ കെണിയില്‍ അകപ്പെട്ടത്‌. മൂന്നാഴ്ചയായി പ്രദേശത്ത്‌ ഭീതി പരത്തിയ കടുവ പുലര്‍ച്ചെ 4.45 കൂടി പ്രദേശത്തെ ഒരു കോഴിഫാമിന്‌ സമീപം സ്ഥാപിച്ച കൂട്ടില്‍ കയറുകയായിരുന്നു. കടുവയെ വന്യജീവി സങ്കേത പരിധിയിലുള്ള പച്ചാടി വന്യമൃഗ സംരക്ഷണ, പരിപാലന കേന്ദ്രത്തിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. പരുക്കേറ്റ കടുവയാണിതെന്ന് നേരത്തേ തന്നെ നിഗമനമുണ്ടായിരുന്നെങ്കിലും പിടികൂടിയതിന്‌ ശേഷമുള്ള വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ.

ആറ്‌ ദിവസങ്ങളായി തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും നാട്ടുകാര്‍ പലയിടങ്ങളിലും കടുവയെ കാണുകയും ചെയ്തിരുന്നു. രണ്ടുവളര്‍ത്തു നായ്‌ക്കളെയും മൂരിക്കുട്ടനെയും ആക്രമിച്ചുകൊന്ന കടുവ പശുവിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതേ തുടര്‍ന്ന് രണ്ടിടങ്ങളിലാണ്‌ കടുവക്കായി വനം വകുപ്പ്‌ കൂടുകള്‍ സ്ഥാപിച്ചത്‌. സ്വകാര്യ വ്യക്തിയുടെ ഫാമിനകത്ത്‌ വളര്‍ത്തിയ നിരവധി കോഴികളെയും കടുവ കൊന്നിരുന്നു.നൂല്‍പ്പുഴ പഞ്ചായത്ത്‌ ഓഫീസില്‍ പ്രശ്നം സംബന്ധിച്ച്‌‌ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ്‌ വനം വകുപ്പ്‌ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കൂടുകള്‍ സ്ഥാപിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *