മിഷന്‍ ഇന്ദ്രധനുഷ്: രണ്ടാം ഘട്ടത്തില്‍ നൂറ് ശതമാനം നേട്ടം

കല്‍പ്പറ്റ: അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 യുടെ 2ാം ഘട്ടത്തില്‍ ജില്ലയ്ക്ക് നൂറ് ശതമാനം നേട്ടം. 2027 കുട്ടികള്‍ക്കും 427 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. ഇതില്‍ അതിഥി തൊഴിലാളികളുടെ 21 കുട്ടികളും 4 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ , പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 340 സെഷനുകളാണ് ഇതിനായി സംഘടിപ്പിച്ചത്. ബിസിജി, ഒപിവി, ഐ, പി വി,റോട്ടാ വാക്‌സിന്‍,എം ആര്‍ ,ഡി പി ടി , ടി ഡി, പി സി വി , പെന്റാവാലന്റ് എന്നീ വാക്‌സിനുകളാണ് നല്‍കിയത്. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന മാരക രോഗങ്ങളില്‍നിന്ന് കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെയും വിട്ടുപോകാതിരിക്കാന്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ് ജില്ലയിലുണ്ടായത്. ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന മൂന്നാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഏതെങ്കിലും കുത്തിവപ്പെടുക്കാന്‍ സാധിക്കാതെ പോയ രക്ഷിതാക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *