ഗോത്ര സമര സേനാനികള്‍ക്കായി ജില്ലയില്‍ മ്യൂസിയം ഒരുങ്ങുന്നു

വൈത്തിരി: വൈദേശിക അധി നിവേശത്തിനെതിരെ വീറുറ്റ ചെറുത്ത് നില്‍പ്പ് നടത്തിയ തദ്ദേശീയ ജനതയ്ക്കായി വൈത്തിരിയില്‍ മ്യൂസിയം ഒരുങ്ങുന്നു. പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം വൈത്തിരി സുഗന്ധഗിരിയില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുറമുഖം, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയാകും. രാഹുല്‍ ഗാന്ധി എം.പി, എം.എല്‍.എ മാരായ അഡ്വ. ടി.സിദ്ധിഖ്, ഒ.ആര്‍ കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ടാഡ്‌സ്) കീഴില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം പദ്ധതി നടപ്പിലാക്കുക. വൈത്തിരിയിലെ സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്. 16.66 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആണ് നിലവില്‍ ഉദ്ഘാടനം ചെയ്യുക. ആദ്യഘട്ടമായി വയനാട്ടിലെ പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദമായ ചരിത്രമാണ് മ്യൂസിയത്തില്‍ ഇടം പിടിക്കുക. ഭാവിയില്‍ ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി എന്ന നിലയിലെ വളര്‍ച്ചയും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യമാണ്.തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുകയും അവരുടെ ജന്മനാടിനായുള്ള ത്യാഗ സ്മരണ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിര്‍മ്മാണ ലക്ഷ്യം. പരമ്പരാഗത സങ്കല്‍പങ്ങള്‍ക്ക് ഉപരിയായി മ്യൂസിയം നിര്‍മ്മാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും ഉള്‍പ്പെടുന്നതായിരിക്കും നിലവിലെ മ്യൂസിയം. ചരിത്രപരമായ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം തദ്ദേശീയ സാംസ്‌കാരിക പൈതൃകം, തനത് പാരമ്പര്യകലാവിഷ്‌കാരങ്ങള്‍, സംഗീതം, ഭക്ഷ്യവൈവിദ്ധ്യം എന്നിവയും മ്യൂസിയത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *