ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം; ബ്ലോക്ക് തല ചിന്തന്‍ ശിവിര്‍ ചേര്‍ന്നു

മാനന്തവാടി: ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജി അന്തിമമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകളില്‍ ചിന്തന്‍ ശിവിര്‍ ചേര്‍ന്നു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റര്‍ജി അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യവികസനം, സാമൂഹ്യ വികസനം എന്നീ 5 തീമുകളിലായി ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഗ്രൂപ്പ് ചര്‍ച്ച അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി. രാജ്യത്തെ 329 ജില്ലകളിലായി 500 ബ്ലോക്കുകളെയാണ് പദ്ധതിക്കായ് തെരഞ്ഞടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും 4 ജില്ലകളിലായി 9 ബ്ലോക്കുകള്‍ എ.ബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ 4 ബ്ലോക്കുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ആസ്പിരേഷണല്‍ ജില്ലാ പരിപാടിയുടെ അടുത്ത ഘട്ടമായിട്ടാണ് എ.ബി.പി പദ്ധതി നടപ്പിലാക്കുന്നത്. ദേശീയതലത്തില്‍ നീതി ആയോഗാണ് പദ്ധതി ഏകോപിപ്പിക്കുക. തീമുകളുമായ് ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വകുപ്പുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ റാങ്ക് നിശ്ചയിക്കും. മികച്ച റാങ്ക് നേടുന്ന ബ്ലോക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാരിതോഷികം നല്‍കുകയും ചെയ്യും.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചിന്തന്‍ ശിവിര്‍ ഒ.ആര്‍.കേളു എം.എല്‍.എ ഓണ്‍ലൈനായും, കല്‍പ്പറ്റ ബ്ലോക്ക് തല യോഗം അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ, ബത്തേരി ബ്ലോക്ക് തല യോഗം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പനമരം ബ്ലോക്ക് തല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ 5 തീമുകളില്‍പ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി ഡി എസ്, അക്കാദമിക രംഗത്തെ വിദഗ്ദര്‍, എന്‍.ജി.ഒ പ്രതിനിധികള്‍, ബ്ലോക്ക്തല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *