പ്രതീകാത്മക ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

തലപ്പുഴ: ചുങ്കം അങ്ങാടിയിൽ വഴിവിളക്കുകളും ലോമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മറ്റി പ്രതീകാത്മക ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. രാത്രിയിൽ വ്യാപാര സ്ഥാപനങ്ങൾ അടയുന്നതോടെ ഇരുൾ നിറഞ്ഞ് ഭീതീ നിറഞ്ഞ അവസ്ഥയാണ് ചുങ്കത്തുള്ളത്. വില്ലേജ് ഓഫീസ്, കൃഷിഭവൻ, ഗവ:ഹൈസ്കൂൾ തുടങ്ങി മസ്ജിദും ചർച്ചും പഞ്ചായത്ത് ഓഫീസുമടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അങ്ങാടിയാണ് ചുങ്കം. വാർഡൊന്നിന് ഒന്നരലക്ഷം രൂപവരെ തെരുവുവിളക്കുകൾക്കായി ഗ്രാമപഞ്ചായത്തിന് ചിലവഴിക്കാമെന്നിരിക്കെ ഗ്രാമസഭയിലടക്കം ആവശ്യമുന്നയിച്ചിട്ടും അഞ്ചും ഏഴും വാർഡുകൾ അതിർത്തി പങ്കിടുന്ന ചുങ്കത്ത് ഒരു സ്ട്രീറ്റ് ലൈറ്റ് പോലും പ്രകാശിക്കുന്നില്ല. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ ലൈറ്റുപോലും പ്രവർത്തനരഹിതമാണ്. രാത്രികളിൽ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായി ചുങ്കം പ്രദേശം  മാറിക്കൊണ്ടിരിക്കുന്നു. പോലീസ് പട്രോളിങ്ങും കാര്യക്ഷമമായി നടക്കുന്നില്ല. പ്രദേശവാസികൾക്ക് ഭീതിയോടെയല്ലാതെ കാൽനടയാത്രപോലും അസാധ്യമായിരിക്കുന്നു. വന്യമൃഗശല്യം നേരിടുന്ന തോട്ടം മേഖലയായ തലപ്പുഴയിൽ വർഷങ്ങൾക്ക് മുമ്പേ മാവോയിസ്റ്റ് സാന്നിധ്യവും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ആക്രമണം നടത്തിയ കേരള വന വികസന കോപ്പറേഷന്റെ ഡിവിഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന കമ്പമല ചുങ്കത്തിന്റെ സമീപപ്രദേശമാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ 34-മുതൽ തലപ്പുഴ വരെ ഇരുപത് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റോഡിൽ നാമമാത്രമായ വഴിവിളക്കുകൾ മാത്രമാണുള്ളത്. വഴിവിളക്കുകൾ സ്ഥാപിക്കേണ്ടത് യാത്രാസുരക്ഷയുടെ ഭാഗമാണെന്നും വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

കെ.ഷൌക്കത്തലി, എം.മുനീർ, പി.റഫീഖ്, ശിഹാബ് സഅദി, വി.കെ മുഹമ്മദലി, സി.ജംഷീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *