ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മാരത്തണ്‍ മത്സരം

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജില്ലാതല മാരത്തണ്‍ മത്സരം നടത്തുന്നു. ഒക്ടോബര്‍ 9 ന് രാവിലെ 7 ന് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ തുടങ്ങി എസ്.കെ.എം.ജെ സ്‌കൂള്‍ വരെയാണ് മത്സരം. പുരുഷ വനിതാ വിഭാഗങ്ങളിലായി പ്രത്യേക സമ്മാനം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 5 ന് വൈകീട്ട് 4 നകം https://shorturl.at/dpyBK എന്ന ലിങ്കിലോ 9744110071 ലോ രജിസ്റ്റര്‍ ചെയ്യണം.

ഗാന്ധി ജയന്തി
620 കേന്ദ്രങ്ങളില്‍ നാളെ ശുചീകരണം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി നാളെ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രാവിലെ 10 മുതല്‍ 11 വരെ ‘ഒരു മണിക്കൂര്‍ ഒരുമിച്ച് ‘ ശുചീകരണം നടത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പും കുടുംബശ്രീയും ചേര്‍ന്നാണ് ക്യാമ്പെയിന്‍ നടത്തുക. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 646 മാലിന്യ കുമ്പാരങ്ങള്‍ ക്ലീനിംഗ് ഡ്രൈവിലൂടെ ഇല്ലാതാക്കും.
ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് ജില്ലയിലെ നഗരസഭകളിലെ ഒരോ വാര്‍ഡിലെ രണ്ടിടങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ ഒരോ വാര്‍ഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടക്കുക. വിവിധ സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുളള ബോര്‍ഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയും ചെയ്യും. ജന പ്രതിനിധികള്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേന, എന്‍ എസ് എസ് വളന്റിയേഴ്സ്, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തതോടെയാണ് ക്യാമ്പെയിന്‍ നടക്കുക. സ്വച്ഛതാ പക്വാഡ – സ്വച്ഛതാ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം മെഗാ ശുചീകരണ ഡ്രൈവാണ് നടക്കുന്നത്. ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുളള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികള്‍ ജില്ലയിലൂടനീളം നടക്കും.

മാലിന്യമുക്തം
ഒന്നാം ഘട്ട പരിശോധന നടത്തി

മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി മാലിന്യ മുക്തം ഒന്നാം ഘട്ട ആകസ്മിക പരിശോധന നടത്തി. മാനന്തവാടി നഗരസഭ, പനമരം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, ഗ്രാമപഞ്ചായത്തികളിലെ 86 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 8 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇവരില്‍ നിന്നും 80,000 രൂപ പിഴ ചുമത്തി. 8.5 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്തു. തദ്ദേശ സ്ഥാപന പരിധികളിലെ പ്രധാന ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിലെ മലിനജല ട്രീറ്റ്മെന്റ് സംവിധാനങ്ങള്‍, ജൈവ- അജൈവ മാലിന്യ സംസ്‌കരണ സംവിധാനം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും, അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറല്‍, പരിസര ശുചിത്വം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ മേഖലകളില്‍ പരിശോധ നടത്തി. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോമോന്‍ ജോര്‍ജ്ജ്, സി.പ്രജുകുമാര്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ വി.എം.അബ്ദുള്ള, പ്രദീപന്‍ തെക്കേക്കാട്ടില്‍ എന്നിവരും മുനിസിപ്പല്‍ ക്ലീന്‍ സിറ്റി മാനേജര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *