ചുരത്തിലെ ഗതാഗതക്കുരുക്ക് – ചുരം ബൈപാസ് , പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം -ടി.സിദ്ധിഖ് എം.എൽ.എ

കൽപ്പറ്റ : ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസിനും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് നിവേദനം കൈമാറി. പ്രസ്തുത വിഷയം ഉന്നയിച്ച് കൊണ്ട് രാഹുൽ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട് . കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുമ്പിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി .
പിന്നോക്ക ജില്ലയായ വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയാണ് താമരശ്ശേരി ചുരം. ദിവസേന ശരാശരി 20,000 മുതൽ 30,000 വരെ വാഹനങ്ങളാണ് ചുരം റോഡിലൂടെ കടന്നു പോകുന്നത് എന്നാണ് ഔദ്യോഗിക കണക്ക്.

കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നും വയനാട്ടിലേക്ക് എത്തിപ്പെടാനുള്ള ഏകമാർഗ്ഗം കൂടിയാണ് താമരശ്ശേരി ചുരം പാത.

പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ വയനാട് ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര മേഖലയായി മാറി കഴിഞ്ഞിരിക്കുന്നു.

കേരളത്തിനകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ നാടിന്റെ ഭംഗി ആസ്വദിക്കാനായി ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. അവധി ദിനങ്ങളിൽ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം ഇരട്ടിയാവുകയും ചെയ്യും. എന്നാൽ ഇവിടേക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയോ സംവിധാനങ്ങളോ ഈ ചുരം പാതക്കില്ലയെന്നുള്ളതാണ് വസ്തുത. റോഡ് ഗതാഗത സൗകര്യങ്ങളുടെ ഈ അപര്യാപ്തത ഇവിടേക്കെത്തുന്ന സഞ്ചാരികളെയും മറ്റു യാത്രക്കാരെയും ഒരുപോലെ ദുരിതത്തിൽ ആക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മറ്റു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുവാനും ഈ ചുരം പാതയാണ് വയനാട്ടുകാരുടെ ഏക ആശ്രയം.

ആരോഗ്യപരിപാലന രംഗത്ത് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വയനാട്ടിൽ അപകടങ്ങൾ സംഭവിക്കുമ്പോഴും മറ്റ് ഇതര രോഗങ്ങൾക്ക് ചികിത്സയ്ക്കായി അടിയന്തര സാഹചര്യങ്ങളെല്ലാം തന്നെ ഈ ചുരം റോഡിനെ മാത്രം ആശ്രയിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്നത്.

ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള അവശ്യ സർവീസുകൾ കുരുക്കിൽ തളക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ അനവധിയാണ്. ഇപ്പോഴും സമാന സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്.

കഴിഞ്ഞ ദിവസം വയനാട് ചുരത്തിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ഏറെ ദുരിതമാണ് നേരിട്ടത്.

ചുരത്തിലെ എട്ടാം വളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറിക്ക് തകരാർ സംഭവിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്.

ഞാനുൾപ്പെടെ ചുരത്തിലെ ഈ ബുദ്ധിമുട്ടിന്റെ നേർ സാക്ഷിയാണ്.

ഈ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിയമസഭക്ക് അകത്തും നിവേദന രൂപത്തിലും മുഖ്യമന്ത്രിയോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടതാണ്.

വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാകുരുക്കിന് ശാശ്വത പരിഹാരമായി നേരത്തെ ആലോചിച്ച് മുന്നോട്ട് പോയ പദ്ധതിയായ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസും, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡും യാഥാർത്ഥ്യമാക്കേണ്ടതാണ്.ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. അതി നായി ഈ രണ്ട് പദ്ധതികളും പ്രാവർത്തികമാക്കേണ്ടതുണ്ട്.

വർഷങ്ങൾക്കു മുൻപ് വലിയ ചരക്കു വാഹനങ്ങളുടെ യാത്രയ്ക്ക് ചുരത്തിൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടക്കത്തിൽ തന്നെ പാളിയിരുന്നു. വിനോദസഞ്ചാരികൾ അധികമായി എത്തുന്ന അവധി ദിനങ്ങളിൾ ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. സഞ്ചാരികൾ എത്തുന്ന വാഹനങ്ങൾ ചുരം വ്യൂ പോയിന്റിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിലുള്ള മറ്റൊരു കാരണമാണ്.

ആയതിനാൽ വയനാട്ടിലെ ജനങ്ങളുടെയും, വിനോദസഞ്ചാരികളുടേയും യാത്ര ദുരിതം അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടി ചുരം ബൈപ്പാസ് , പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉൾപ്പെടെ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തിര സ്വകരിക്കണമെന്നും എം എൽ എ നിവേദനത്തിൽ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *