മീനങ്ങാടി: കുടുംബശ്രീയുടെ പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ പോക്കറ്റ് മാര്‍ട്ടിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാവും. കുടുംബശ്രീ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ കോമേഴ്‌സ് ആപ്ലിക്കേഷന്‍ മുഖേന വിപണിയില്‍ എത്തിക്കുന്നതോടെ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് സാധ്യത ഒരുക്കുകയാണ് പോക്കറ്റ് മാര്‍ക്ക് അപ്ലിക്കേഷന്‍ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങള്‍, ബസാര്‍, ഔട്ട്‌ലെറ്റുകള്‍, നാനോ മാര്‍ക്കറ്റ്, പ്രീമിയം കഫേകള്‍, പോര്‍ട്ടലുകള്‍, ജനകീയ ഹോട്ടലുകള്‍, ടേക്ക് എ ബ്രേക്ക്, കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഉപയോഗപ്പെടുത്താന്‍ സാധിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, കാര്‍ ക്ലീനിങ്, മേസണ്‍ സേവനങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാവും.
750 സംരംഭങ്ങളും ക്വിക്ക് സര്‍വ് സേവനങ്ങളും ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പോക്കറ്റ് മാര്‍ട്ടിന്റെ സംസ്ഥാനതല ഉദ്ഘടാനം ഒക്ടോബര്‍ 30 ന് നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സ്റ്റോര്‍ പോക്കറ്റ് മാര്‍ട്ടിന്റെ ഓണ്‍ ബോര്‍ഡ് പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം സി വി.കെ റെജിന അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മാര്‍ക്കറ്റിങ് പ്രോഗ്രാം മാനേജര്‍ അര്‍ഷാക് സുല്‍ത്താന്‍, ജില്ലയിലെ വിവിധ ഡി.പി.എമാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റഴ്‌സ്, ആര്‍.പി.മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പെടുത്തു.