പുഴമുടി പാലത്തിനു സമീപം അപകടങ്ങൾ പതിവാകുന്നു; പ്രതിഷേധം ശക്തം

കൽപ്പറ്റ: പിണങ്ങോട് -പുഴമുടി റോഡിൽ അപകടങ്ങൾ തുടർ കഥയാകുന്നു. ദിനം പ്രതിയാണ് ഇവിടെ വാഹനാപകടങ്ങൾ ഉണ്ടാകുന്നത്. പുഴമുടി പാലത്തിന് സമീപത്തെ കൊടും വളവിലാണ് അപകടങ്ങൾ പതിവാക്കുന്നത്. ഇന്നു പുലർച്ചെ ഓട്ടോറിക്ഷ പുഴമുടി പാലത്തിന് സമീപമുള്ള റോഡിൽ നിന്ന് വീട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ തലനാരിഴയ്ക്കാണ് ഓട്ടോയിലുണ്ടായിരുന്നവർ രക്ഷപെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കാറും വീടിന്റെ മേലേക്ക് മറിഞ്ഞിരുന്നു. മുൻപും ഇതിനു തൊട്ടടുത്തെ വളവുകളിൽ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങളുടെ അമിത വേഗതയും, ഹോൺ മുഴക്കാത്തതും, റോഡിൽ കൈവരികൾ ഇല്ലാത്തതുമാണ് അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കൊടും വളവുകളിൽ പലപ്പോഴും വാഹനങ്ങൾ അടുത്തെത്തി കഴിഞ്ഞാണ് പരസ്പരം കാണുക. പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപെടുന്നത്. കൊടും വളവുകളിൽ പലയിടങ്ങളിലും മിററുകൾ സ്ഥാപിക്കുവാനുമുണ്ട്. മഴക്കാലത്ത് റോഡിലെ വളവുകളിലൂടെ ഒഴുകുന്ന വെള്ളം ടയറുകളുടെ ഘർഷണം കുറയ്ക്കുന്നതിനും വാഹനങ്ങൾ തെന്നി വീഴുന്നതിനും കാരണമാകുന്നുണ്ട്. റോഡിന്റെ അപകട സാധ്യതയുള്ള പല സ്ഥലങ്ങളിലും ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുവാനുമുണ്ട്. ബാണാസുര ഡാമിലേക്ക് വരുന്നവർ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *