ചന്ദ്രിക വധക്കേസ്: നിര്‍ണ്ണായകമായത് മക്കളുടെ മൊഴി

മാനന്തവാടി: ചന്ദ്രിക വധക്കേസില്‍ ഭര്‍ത്താവ് അശോകന് ശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായത് മക്കളായ അശ്വതിയുടെയും, അനശ്വരയുടെയും മൊഴികള്‍. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇരിട്ടി, വള്ളിത്തോട് പാറക്കണ്ടി  പറമ്പില്‍ അശോകനെ ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും ഇന്നലെയാണ് മാനന്തവാടി സ്‌പെഷ്യല്‍ കോടതി ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.മാനന്തവാടി സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്  പി ടി പ്രകാശന്റേതാണ് വിധി. പിഴ തുക അടച്ചില്ലെങ്കില്‍ 5 വര്‍ഷം കഠിന തടവും അനുഭവിക്കണം. 2019 മെയ് 5 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് അശോകന്റ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് സഹോദരന്‍ തോൽപ്പൊട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ     കൊറ്റന്‍ കോട്  സുധാകരന്റെ വീട്ടിലായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്.ഇതേ വര്‍ഷം എപ്രിലില്‍ അശോകന്‍ ഈ വീട്ടിലെത്തി ചന്ദ്രികയെ   കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് സുധാകരനും മറ്റും ചേര്‍ന്ന് അക്രമം തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു, തുടര്‍ന്ന് ഭീഷണി മുഴക്കി തിരിച്ച് പോയ അശോകന്‍ കൃത്യം ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തി രാത്രി 9 മണിയോടെ മക്കളായ അനശ്വര, അശ്വതി എന്നിവരുടെ മുന്നില്‍ വെച്ച് ചന്ദ്രികയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഒന്നാം സാക്ഷി ചന്ദ്രികയുടെ സഹോദരന്‍ സുധാകരനും, രണ്ടും, മൂന്നും സാക്ഷികള്‍ മക്കളായ അനശ്വരയും, അശ്വതിയുമായിരുന്നു ഇവരുടെ മൊഴികളാണ് കേസില്‍ നിര്‍ണ്ണായകമായത്. അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് അശ്വതിയും അനശ്വരയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *