മാതൃഭാഷ അഭിമാനം; മലയാളമെഴുതി ഭരണഭാഷ വാരാചരണം

കൽപ്പറ്റ: മാതൃഭാഷ മലയാളത്തിന്റെ അഭിമാനങ്ങളുമായി ജില്ലാതല ഭരണഭാഷ മലയാള ഭാഷാവാരാചരണത്തിന് തുടക്കമായി. ജില്ലാ ഭരണകൂടം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഭരണഭാഷാവാരം ഉദ്ഘാടനം ചെയ്തു. വാക്കുകള്‍ ഇല്ലാതാവുന്ന കാലത്തും മലയാളം പുനര്‍ജനിക്കുകയാണ്. മലയാളത്തിലെ പലവാക്കുകളും അന്യം നിന്നുപോകുന്നതിലുണ്ട്. ഇതിനെയെല്ലാം മറികടന്ന് അപാരമായ സൗന്ദര്യബോധത്തില്‍ മലയാളം കാലത്തെ അടയാളപ്പെടുത്തുന്നു. സാങ്കേതികതയും ആധുനികതയുമെല്ലാം മുഖം മിനുക്കുമ്പോഴും അഭിമാനത്തോടെ മലയാള ഭാഷയെ സ്നേഹിക്കുന്നവരാണ് മലയാളികള്‍ എല്ലാവരും. ആംഗലേയ ഭാഷ പരിഷ്‌കരിക്കപ്പെട്ടവരുടെ ഭാഷയാണെന്ന മിഥ്യാബോധങ്ങള്‍ക്കപ്പുറം മാതൃഭാഷ മലയാളം വളരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിച്ചു. ദേശത്തെയും സംസ്‌കാരത്തെയും വിഭജിക്കുന്നതിലും ഇവയെ ഒന്നിപ്പിക്കുന്നതിലും മാതൃഭാഷയ്ക്ക് പങ്കുണ്ട്. കടം കൊടുത്തും കടം കൊണ്ടുമാണ് ഭാഷകള്‍ വളരുന്നത്. ഭാഷയും സംസ്‌കൃതികളും ദേശത്തിന്റെ അതിര്‍ വരമ്പുകള്‍ വരയ്ക്കുമ്പോഴും ചുറ്റമുള്ള വലിയ ലോകത്തെ ഉള്‍ക്കൊള്ളാന്‍ മാതൃഭാഷയും അനസ്യൂതം സഞ്ചരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. പ്രൊഫ. പി.സി.രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷ മനുഷ്യന്റെ ജീവിത പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഭരണഭാഷതലത്തില്‍ മാതൃഭാഷയുടെ വ്യാപനം കാലഘട്ടം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ തല ഭരണഭാഷ പുരസ്‌കാര പ്രഖ്യാപനവും ഭരണഭാഷ പ്രതിജ്ഞയും ചടങ്ങില്‍ നടന്നു. ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനദാനം നടത്തി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, വി.അബൂബക്കര്‍, എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാം ഓഫീസര്‍ പി.സി.മജീദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍.മണിലാല്‍, കളക്ട്രേറ്റ് ലോ ഓഫീസര്‍ സി.കെ.ഫൈസല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു എന്നിവര്‍ സംസാരിച്ചു. എം.ജി.ജ്യോതിസ് മലയാള ഗീതാഞ്ലിയും വിവിധ വകുപ്പ് ജീവനക്കാരുടെ കഥ, കവിതാലാപനവും നടന്നു. ഭരണഭാഷാ വാരാചരണത്തിന്റെ സമാപനം നവംബര്‍ 7 ന് നടക്കും. രാവിലെ 10.30 ന് കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിക്കും.

ഭരണഭാഷാവാരാചണം മത്സര വിജയികള്‍

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചുള്ള ഭരണഭാഷ പുരസ്‌കാരത്തിന് ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.ബബിത അര്‍ഹയായി. കളക്ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ബിജുജോസഫ് രണ്ടാം സ്ഥാനവും മാനന്തവാടി താലൂക്ക് സീനിയര്‍ ക്ലാര്‍ക്ക് ബി.ആര്‍.പ്രജീഷും മൂന്നാം സ്ഥാനവും നേടി. കള്ക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ കേരളം ക്വിസ് മത്സരത്തില്‍ ലേബര്‍ ഓഫീസിലെ കെ.കെ.ബിനു, സന്ദീപ് ജി മോനോന്‍ ടീം ഒന്നാം സ്ഥാനം നേടി. റവന്യു വകുപ്പലെ അഖില്‍ അജയന്‍, കെ.എസ്.സച്ചിന്‍ ടീം രണ്ടാം സ്ഥാനവും എല്‍.എസ്.ജി.ഡി യിലെ ശ്രീജിത്ത് കരിങ്ങാരി , വി.ടി.വിനോദ് ടീം മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *