നെല്ല് സംഭരണം: നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തുടരും, പങ്കാളിത്ത പെന്‍ഷനില്‍ വിശദ പരിശോധന, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി തുടരാന്‍ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നല്‍കുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതില്‍ പുനഃക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിന്റെ ക്ലെയിം ഉന്നയിക്കാനും അതിനെത്തുടര്‍ന്നുള്ള സംസ്‌കരണത്തിനും മുന്‍വര്‍ഷങ്ങളില്‍ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടര്‍ന്നും അനുവദിക്കും. കര്‍ഷകര്‍ക്കുള്ള പേയ്‌മെന്റ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ വഴി പണം നല്‍കും. കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആര്‍ എസ് വായ്പകള്‍ അടയ്ക്കുന്നതിന് സര്‍ക്കാരില്‍ നിന്നും സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.നെല്ല് സംഭരണത്തിനായി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആര്‍എസ് വായ്പകള്‍ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും. കര്‍ഷകരില്‍ നിന്നും ബാങ്കില്‍ നിന്നും പൂര്‍ണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ നടത്തേണ്ടതും സ്ഥിതിഗതികള്‍ അവലോകനം ചെയ്യേണ്ടതുമാണ്. സപ്ലൈകോയില്‍ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷന്‍ ഒഴിവുകളും സമയബന്ധിതമായി നികത്താന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിശദ പരിശോധനയ്ക്ക് സമിതിപങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധന സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശിച്ചു. 01.04.2013ന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്.ഓഹരി മൂലധനം വര്‍ധിപ്പിക്കുംട്രാവന്‍കൂര്‍, ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന് സര്‍ക്കാര്‍ നല്‍കിയ വായ്പയും പലിശയും ഓഹരിയാക്കി മാറ്റാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ചു. പുതിയ പിഎസ് സി അംഗംപബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് തൃശ്ശൂര്‍ അന്നമനട സ്വദേശി അഡ്വ. സി ബി സ്വാമിനാഥനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *