നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു.വാര്‍ഡ്തല സംഘാടകസമിതികള്‍ പുരോഗമിക്കുന്നു

കൽപ്പറ്റ :മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. മണ്ഡലം തല സംഘാടകസമിതികളുടെ മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് തലത്തിലും അതിന് താഴെ വാര്‍ഡ് തല സംഘാടകസമിതികളും രൂപീകരിച്ചുവരികയാണ്. നവംബര്‍ 23 ന് രാവിലെ കല്‍പ്പറ്റയില്‍ ജില്ലാതലത്തില്‍ പ്രഭാതയോഗവും അതിന് ശേഷം കല്‍പ്പറ്റ മണ്ഡലം തല നവകേരള സദസ്സും നടക്കും. ഉച്ചയ്ക്ക് രണ്ടോടെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം നവകേരള സദസ്സ് സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും അതിന് ശേഷം മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനത്ത് വൈകീട്ട് നാലിനും നവകേരള സദസ്സ് നടക്കും. ഓരോ മണ്ഡലത്തിലും അയ്യായിരത്തോളം പേര്‍ നവകേരള സദസ്സില്‍ പങ്കെടുക്കും. മണ്ഡലം തലത്തല്‍ 200 ലധികം വിശിഷ്ടാതിഥികളെ ചടങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കും. തെയ്യം കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം തേടും. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള സംവാദത്തിലൂടെ സംസ്ഥാനത്ത് പുതിയ വികസന നയം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ നാടിന്റെയും പൊതുവായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പുതിയ മുന്നേറ്റങ്ങള്‍ക്കായുള്ള വികസന കാഴ്ചപ്പാടുകളും നവകേരള സദസ്സില്‍ രൂപപ്പെടുത്തും.

മണ്ഡലം തലത്തില്‍ വിപലുമായ ഒരുക്കങ്ങള്‍

ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും നവകേരള സദസ്സിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്. മന്ത്രിതലത്തില്‍ നടന്ന ജില്ലാതല അവലോകനയോഗത്തില്‍ നവകേരള സദസ്സിന് പരിപൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള ജന പങ്കാളിത്തം നവകേരള സദസ്സിനുണ്ടാകും. ഗ്രാമാന്തര തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തമുണ്ടാകും. മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ ഇതിനായി ഏകോപനം നടത്തും. പ്രത്യേക വേദിയാണ് നവകേരള സദസ്സില്‍ ഓരോ മണ്ഡലത്തിലും ഒരുങ്ങുക. മുഖ്യമന്ത്രി, മന്ത്രിമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രത്യേക ക്ഷണിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക ഇരിപ്പിടങ്ങള്‍ വേദിയില്‍ സജ്ജീകരിക്കും.
ബത്തേരി മണ്ഡലം സംഘാടക സമിതി യോഗത്തില്‍ നവകേരള സദസ്സിനായി അഞ്ച് ഉപസമിതികള്‍ രൂപീകരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരായും ജനപ്രതിനിധികള്‍ ചെയര്‍മാന്‍മാരുമായാണ് സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗം ബത്തേരിയില്‍ ചേര്‍ന്നു. യോഗത്തില്‍ വാര്‍ഡ് തലത്തില്‍ സംഘാടക സമിതികള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പ്രചാരണ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു.

*

Leave a Reply

Your email address will not be published. Required fields are marked *