വ്യാജ ആധാർ നിർമിച്ച് ഫാൻസി സിം നമ്പർ കരസ്ഥമാക്കി തട്ടിപ്പ്; തട്ടിപ്പുകാരനെ കുടുക്കി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ നിർമിച്ച് അയാളുടെ പേരിലുള്ള ഫാൻസി സിം നമ്പർ കരസ്ഥമാക്കി ലക്ഷങ്ങൾ വിലയിട്ട് മറിച്ചു വിൽപ്പന നടത്തിയ തട്ടിപ്പുകാരനെ വയനാട് പോലീസ് വലയിലാക്കി. കർണാടക ചിക്ക്ബെല്ലപ്പൂർ സ്വദേശിയായ ഹാരിഷ്(27)നെയാണ് കർണാടകയിൽ നിന്നും വയനാട് സൈബർ പോലീസ് പിടികൂടിയത്. കൽപ്പറ്റ ബി.എസ്.എൻ.എൽ അധികൃതരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു തട്ടിപ്പുകാരനെ പോലീസ് പിടികൂടിയത്. രേഖകളിൽ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയെടുത്താണ് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള BSNL സിം നമ്പർ പ്രതി കരസ്ഥമാക്കിയത്. വ്യാജ ആധാർ കാർഡ് നിർമിച്ച് പ്രതിയുടെ ഫോട്ടോ അതിൽ എഡിറ്റ്‌ ചെയ്ത് കയറ്റി ഒറിജിനൽ എന്ന വ്യാജേന സമർപ്പിച്ചാണ് കൽപ്പറ്റ BSNL കസ്റ്റമർ കെയർ ഓഫീസിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത്. പിന്നീട് ഈ സിം നമ്പർ ജിയോ കമ്പനിയിലേക്ക് പോർട്ട്‌ ചെയ്തു. പോർട്ട് പ്രോസസ് സ്ഥിരീകരണത്തിനായി മലപ്പുറം സ്വദേശിയുടെ പേരിൽ ഉണ്ടാക്കിയ മറ്റൊരു വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതി മഞ്ചേരിയിലെ ജിയോ പോയിന്റിൽ നിന്നും പ്രസ്തുത നമ്പറിൽ ജിയോ സിം എടുത്തത്. സ്വന്തം പേരിലുള്ള സിം കാർഡ് പ്രവർത്തനരഹിതമായതിനെ തുടർന്ന് കണ്ണൂർ സ്വദേശി BSNL ഓഫീസിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബി.എസ്.എൻ.എൽ കൽപ്പറ്റ ഓഫിസിൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് തട്ടിപ്പ് വ്യക്തമായത്.സൈബർ പോലീസ് അന്വേഷണം നടത്തിയതിൽ നിന്ന് അനധികൃതമായി ഫാൻസി നമ്പറുള്ള സിം കാർഡുകൾ വില്പന നടത്തുന്ന സംഘങ്ങൾ രാജ്യത്തു പ്രവൃത്തിക്കുന്നതായി കണ്ടെത്തുകയും ഫാൻസി നമ്പറുകൾ വാങ്ങിയെടുത്തയാളെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. ഇത്തരത്തിൽ വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കുന്ന സിം കാർഡ് ലക്ഷങ്ങൾ വിലയിട്ട് ഫാൻസി സിം മാർക്കറ്റിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. സമാന രീതിയിൽ മറ്റ്‌ വ്യക്തികളുടെയും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് സിം കാർഡ് നമ്പറുകൾ പ്രതി നേടിയെടുത്തിട്ടുണ്ടോ എന്നും, അവ മറിച്ചു വിറ്റ് സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫും എ.എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. എ സലാം, ഷുക്കൂർ, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണണ്ടസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം- പദം സിംഗ് ഐ.പി.എസ്വ്യാജ രേഖകൾ നിർമിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാർഡുകൾ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി. സ്വന്തം പേരിലുള്ള സിം കാർഡുകൾ പ്രവർത്തനരഹിതമാവുകയാണെങ്കിൽ ഉടൻ തന്നെ സർവീസ് പ്രോവൈഡർമാരുമായി ബന്ധപ്പെട്ട് KYC രേഖകൾ പുതുക്കേണ്ടതാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ സൈബർ ടോൾ ഫ്രീ നമ്പരായ 1930 ലോ സൈബർ പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി. എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *