മാലിന്യമുക്ത നവകേരളം; ജില്ലയിൽ ഒരുങ്ങുന്നത് 82 സ്നേഹാരാമങ്ങൾ

*മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ ജില്ലയിലെ 82 മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ (ഗാർബേജ് വൾനറബിൾ പോയിന്റുകൾ) ശുചിയാക്കി സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമങ്ങളാക്കി മാറ്റും. ജില്ലാ ശുചിത്വ മിഷൻ്റെ നേത്യത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലയിലെ എൻഎസ്എസ് യൂണിറ്റൂകളും ചേർന്നാണ് മാലിന്യകൂനകൾ സ്നേഹാരാമങ്ങളായി മാറ്റുന്ന ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമിഷൻ സംസ്ഥാനമൊട്ടാകെ 3000 ഗാർബേജ് വൾനറബിൾ പോയിന്റുകൾ ശുചീകരിച്ച് സൗന്ദര്യവൽക്കരിക്കുന്നുണ്ട്.മാലിന്യം കെട്ടിക്കിടക്കുന്നതോ ,വലിച്ചെറിയപ്പെട്ടതോ ആയ പ്രദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ കണ്ടുപിടിച്ച് സ്ഥാപനത്തിൻറെ പ്രവർത്തന പരിധിയിൽ വരുന്ന എൻഎസ്എസ് യൂണിറ്റുകൾക്ക് കൈമാറണം. ജില്ലയിലെ വിവിധ എൻ . എസ്. എസ് യുണിറ്റുകൾ ഈ സ്ഥലങ്ങളിൽ പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം, സ്ക്രാപ്പ്/ അജൈവ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളണ്ടിയർമാരുടെ സർഗാത്മകത കാഴ്ചവയ്ക്കാൻ കഴിയുന്ന തരത്തിൽ ആകർഷണീയത പ്രസ്തുത പ്രദേശത്ത് കൊണ്ടുവരുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അതാത്‌ പ്രദേശങ്ങളിലെ സ്ഥലസൗകര്യമനുസരിച്ച്‌ രൂപമാറ്റമുണ്ടാകും. ഇതിനായി ജില്ലയിലെ നഗരസഭ പ്രദേശത്ത് കുറഞ്ഞത് 12 മാലിന്യ നിക്ഷേപ കേന്ദ്രകളും ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കുറഞ്ഞത് 2 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും കണ്ടെത്തി എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെ സ്നേഹാരാമങ്ങൾ നിർമിക്കും. 2024 ജനുവരി ഒന്നോടെ ജില്ലയിൽ ആരംഭിക്കുന്ന സ്നേഹാരാമങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും എൻഎസ്എസ് യൂണിറ്റുകൾക്കും ആയിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *