പുൽപ്പള്ളി : ബത്തേരി സബ്ജില്ലാ കലോത്സവം നാളെ പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സബ്ജില്ലയായ സുൽത്താൻബത്തേരിയിലെ നൂറ്റിനാൽപ്പത്തിലധികം സ്കൂളുകളിൽ നിന്ന് അറുനൂറോളം ഇനങ്ങളിലായി ആറായിരത്തിലധികം കലാകാരന്മാരാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ പങ്കെടുക്കുന്നത്. ഒമ്പതാം തീയതി വൈകുന്നേരം നാലുമണിക്ക് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ കലോത്സവം – 2023 ഉദ്ഘാടനം ചെയ്യും. പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പതിനൊന്നാം തീയതി വൈകിട്ട് ആറുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് സമ്മാനദാനം നടത്തും. ജനകീയ പങ്കാളിത്തത്തോടെ കലാമേള ഗംഭീര വിജയമാക്കി മാറ്റുന്നതിന് സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ എം വി രാജൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയാമ്മ മാത്യു, പ്രദേശത്തെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അറുപതോളം വരുന്ന ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം ജയശ്രീയിലെ കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും നാട്ടുകാരോടുമൊപ്പം സജീവമായി രംഗത്തുണ്ട്. ജയശ്രീ ക്യാമ്പസിലെ സഹോദരസ്ഥാപനങ്ങളായ സി കെ രാഘവൻ മെമ്മോറിയൽ ബി എഡ് കോളേജ് ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് സി കെ ആർ എം ഐ ടി ഇ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒപ്പമുണ്ട്. കലോത്സവത്തോടനുബന്ധിച്ച് ജയശ്രീ സ്കൂളിലെ ബാംബൂ പാർക്കിൽ ഒരുക്കിയിട്ടുള്ള സംസ്കാരിക വേദിയിൽ പ്രമുഖർ സംബന്ധിക്കുന്ന സാഹിത്യ സദസ്സ് , ചിത്രകാരന്മാരുടെ സംഗമവും സമൂഹ ചിത്രരചനയും , കവിയരങ്ങ്, ഗോത്ര താളം എന്ന പേരിൽ തുടി കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻ പാട്ടുത്സവം, ഭിന്നശേഷി കുട്ടികളുമൊത്തുള്ള പ്രത്യേക പരിപാടികൾ, ജനപ്രതിനിധികളുമായുള്ള സംവാദം എന്നിവയും നടക്കും.