ചിക്കുൻഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സിൻ; അംഗീകാരം നല്‍കി യു എസ്

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് വിശേഷിപ്പിച്ചത്. യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന്‌ ഇക്സ്ചിക്ക് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ള പ്രായക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് എഫ്ഡിഎ അറിയിച്ചു.യുഎസ് ഡ്രഗ് റെഗുലേറ്റര്‍ വാക്‌സിന് അംഗീകാരം നല്‍കിയതോടെ രോഗം വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കും. പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ചിക്കുന്‍ഗുനിയ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലും കൂടുതലായി കാണപ്പെടുന്നു.”രോഗം കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചിക്കുന്‍ഗുനിയ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിന് തെളിവാണെന്ന് എഫ്ഡിഎ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ചിക്കുന്‍ഗുനിയ വൈറസ് ബാധ ഗുരുതരമായ രോഗത്തിനും നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്കും ആരോഗ്യപരമായ അവസ്ഥകളുള്ള വ്യക്തികള്‍ക്കും,’ മുതിര്‍ന്ന എഫ്ഡിഎ ഉദ്യോഗസ്ഥന്‍ പീറ്റര്‍ മാര്‍ക്ക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.വടക്കേ അമേരിക്കയിൽ 3,500 ആളുകളിൽ രണ്ടു തവണ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം നടത്തി. പരീക്ഷണത്തിനിടെ 1.6 ശതമാനം വാക്സിൻ സ്വീകർത്താക്കളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ സാധാരണയുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *