വയനാട്ടിലേക്കുള്ള ചുരമില്ലാ പാതകൾ ഉടൻ യാഥാർഥ്യമാക്കണം – പനമരം പൗരസമിതി

പനമരം : വയനാട്ടിലെ ദുരിതയാത്രകൾക്ക് ശാശ്വത പരിഹാരമേകാൻ തുരങ്ക പാതയും, ജില്ലയെ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളും ഉടൻ യാഥാർഥ്യമാക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റെയിൽ, വ്യോമയാന മാർഗ്ഗങ്ങളില്ലാത്ത ജില്ല നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തു നിന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടാവണം. നിലവിൽ വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചുരം പാതകളാണ്. അതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വയനാട്ടുകാരുടെയും ഇവിടേക്കെത്തുന്ന സഞ്ചാരികളുടേയും മറ്റും നടുവൊടിയുന്നത് നിത്യ കാഴ്ചയാണ്. അടിയന്തിരമായി രോഗികളെയും കൊണ്ട് ആംബുലൻസുകൾക്ക് പോലും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാത്ത ഗതികേടാണ്. ദുർഘട പാതയിൽ വാഹനാപകടങ്ങളും പെരുകുകയാണ്.ഇതിനൊരു മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇതേക്കുറിച്ച് പനമരം പൗരസമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ചുരം ഒഴിവാക്കിക്കൊണ്ടുള്ള നാലു റോഡുകൾക്ക് സാധ്യതയുണ്ട്. പൂഴിത്തോട് – പടിഞ്ഞാറത്തറ, ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ,കൊട്ടിയൂർ – തലപ്പുഴ – മാനന്തവാടി, കുഞ്ഞോം – വിലങ്ങാട് എന്നിവയാണ് ചുരമില്ലാ പാതകളായി പൗരസമിതി നിർദ്ദേശിക്കുന്നത്. കൂടാതെ സർക്കാർ നിർദ്ദേശമായ മേപ്പാടി കള്ളാടി – ആനയ്ക്കാംപൊയിൽ തുരങ്കപ്പാതയും വയനാടിന്റെ പുരോഗതിക്ക് വളരെയധികം ഗുണംചെയ്യും. ഇവയിൽ ഏതെങ്കിലും ഒന്ന് ഹൈടെക് ആക്കി മാറ്റി, ബാക്കി എല്ലാ റോഡുകളും ചെറിയ ചെലവിൽ നിർമാണം നടത്തി ഗതാഗത യോഗ്യമെങ്കിലും ആക്കിയാൽ ഈ നാടിന്റെ ദുരിതമയമായ തലയിലെഴുത്ത് മാറി കിട്ടും. ഒപ്പം നാടിന്റെ മുഖച്ഛായ തന്നെ മാറും.ദൂരക്കുറവും സമയലാഭവും ഒപ്പം അപകട രഹിതവുമായ ഈ റോഡുകൾ ദീർഘദൂര യാത്രക്കാർക്കും, രോഗികൾക്കും, ടൂറിസ്റ്റുകൾക്കും വളരെയധികം ഉപകാരപ്രദമായിരിക്കും. മാത്രമല്ല ഈ റോഡുകൾ തുറക്കപ്പെടുന്നതോടെ വയനാടിന്റെ സമഗ്രവികസനത്തിന്റെ ആണിക്കല്ലുകൂടിയായിത്തീരും. വയനാടൻ ജനത പ്രാദേശിക വാദങ്ങളിൽ ഒതുങ്ങാതെ ഈ അനന്തസാധ്യതകൾ മുന്നിൽ കണ്ട് എല്ലാ റോഡുകളും യാഥാർഥ്യമാക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്നും പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, വിജയൻ മുതുകാട്, മൂസ കൂളിവയൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *