ബദൽ പാത; യോജിച്ച പ്രക്ഷോഭത്തിൽ  എംഎൽഎ നിലപാട്‌ വ്യക്തമാക്കണം, എൽഡിഎഫ്‌

കൽപ്പറ്റ: ചുരം ബദൽ പാതകൾക്കായി ഒന്നിച്ച്‌ നീങ്ങാൻ തീരുമാനം എടുത്തശേഷം ജനങ്ങളെ  വലച്ചുള്ള സമരത്തിന്‌ മുതിർന്ന ടി  സിദ്ദിഖ്‌ എംൽഎയുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവക്ഷി യോഗത്തിലാണ്‌ ചുരം ബദൽപാതയ്‌ക്കായി ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചത്‌. എംഎൽഎയാണ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌. ഒരുമിച്ച്‌ നീങ്ങണമെന്ന്‌ പ്രസംഗിക്കുകയും ചെയ്‌തു.

 പ്രധാനപ്പെട്ട എല്ലാ രാഷ്‌ട്രീയ പാർടികളുടെയും ജില്ലാ നേതാക്കാൾ പങ്കെടുത്ത യോഗത്തിലാണ്‌ യോജിച്ചുള്ള പ്രക്ഷോഭം  തീരുമാനിച്ചത്‌. ഇതിന്‌ ശേഷമാണ്‌ സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യം മുൻനിർത്തി യുഡിഎഫ്‌ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുരത്തിലൂടെ പ്രവൃത്തി ദിവസമായ തിങ്കളാഴ്‌ച സമരം നടത്തുന്നത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

 നിത്യേന ആയിരക്കണക്കിനാളുകളാണ്‌ ചുരത്തിലൂടെ യാത്രചെയ്യുന്നത്‌. ചെറിയ തടസ്സംപോലും മണിക്കൂറുകൾ ഗതാഗത തടസ്സമുണ്ടാക്കുമെന്നത്‌  അറിയാവുന്നതാണ്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ തടസ്സം സൃഷ്‌ടിക്കുന്നതാകും എംഎൽഎയുടെ അപഹാസ്യ സമരം.  രണ്ടുദിനം അവധി ആയിരുന്നതിനാൽ  ഇതര ജില്ലകളിൽനിന്നുള്ള  ജീവനക്കാരും വിദ്യാർഥികളുമെല്ലാം നേരത്തെ ചുരമിറങ്ങിയതാണ്‌. തിങ്കളാഴ്‌ച രാവിലെയാണ്‌ ഇവർക്ക്‌ തിരികെ എത്തേണ്ടത്‌. ഇവരുടെയെല്ലാം യാത്ര തടസ്സപ്പെടുത്തുന്ന നടപടിയാണ്‌ എംഎൽഎയുടേത്‌. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്‌റ്റേഷനുകളിലേക്കും പോകുന്നവർക്കും ദുരിതമാകും.

ബദൽ പാതകൾ വയനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്‌. സങ്കുചിത താൽപ്പര്യങ്ങൾ മാറ്റിവച്ച്‌ എല്ലാവരും ഒന്നിച്ച്‌ അണിനിരക്കുകയാണ്‌ വേണ്ടത്‌. ഇതിന്‌ നേതൃത്വം നൽകേണ്ട ആളാണ്‌ എംഎൽഎ. ഇതിന്‌ അദ്ദേഹം തയ്യാറാണോയെന്ന്‌ വ്യക്തമാക്കണം. ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിടുന്നവരെ നാട്‌ ഒറ്റപ്പെടുത്തുമെന്നും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *