കൽപ്പറ്റ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക അഭിപ്രായങ്ങള്‍ തേടുന്ന വേദിയാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നവകേരള സദസ്സില്‍ ഓരോ നാട്ടിലെയും ജനങ്ങളുമായി സംവദിച്ച് രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ മറ്റൊരു അധ്യായമാകും. ജില്ലയില്‍ നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രഭാതയോഗം ചേരും. ജില്ലയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വയനാടിന്റെ പൊതുവായതും അല്ലാത്തതതുമായ പ്രശ്നങ്ങള്‍ നിലവില്‍ മുന്നേറുന്ന പദ്ധതികള്‍ തുടങ്ങിയവയെല്ലാം പ്രഭാതയോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം രാവിലെ 11 നാണ് കല്‍പ്പറ്റ നിയോജകമണ്ഡലതല അവലോകന യോഗം എസ്.കെ.എം.ജെ സ്‌കൂളിലെ പ്രത്യേക വേദിയില്‍ നടക്കുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുങ്ങും. ഉച്ചയ്ക്ക് 3 ന് സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും വൈകീട്ട് 4.30 ന് മാനന്തവാടി ജി.വി.എച്ച്.എസ്സ് ഗ്രൗണ്ടിലും നവകേരള സദസ്സ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികളടക്കമുള്ളവര്‍ക്ക് ഇവിടെ ഇരിപ്പിടങ്ങളൊരുക്കും. മൂന്ന് നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സിനായി നടക്കുന്ന വിപുലമായ ഒരുക്കങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ വിലയിരുത്തി. നവകേരള സദസ്സിനായി വരുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കണം. സമയബന്ധിതമായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്നവരെയും വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരെയും പ്രത്യേകമായി നവകേരള സദസ്സിലേക്ക് അതിഥികളായി ക്ഷണിക്കണം. യോഗസ്ഥലങ്ങളിലെ വിവിധ ക്രമീകരണങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ചെയര്‍പേഴ്സണും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍, കല്‍പ്പറ്റ മണ്ഡലം ചെയര്‍മാനും സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി പദംസിങ്ങ്, എ.ഡി.എം എന്‍.ഐ.ഷാജു എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് കണ്‍വീനര്‍മാര്‍ ഭാരവാഹികള്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.