കല്‍പ്പറ്റ: മരിയനാട്ടെ ഭൂമിയില്‍ സമരം ശക്തമാക്കാനൊരുങ്ങി ആദിവാസി ഐക്യവേദി. പ്രതിഷേധത്തിന്റെ തുടക്കം എന്ന നിലയില്‍ ജൂണ്‍ 26ന് കളക്ട്രേറ്റിലേക്ക് ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പൂതാടി പഞ്ചായത്തിലെ മരിയനാട് കേരള വന വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കാപ്പി തോട്ടത്തിലാണ് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കുടില്‍കെട്ടി സമരമാരംഭിച്ചത്. കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രണ്ടാം ഘട്ടം സമരം.
ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് മാറ്റിവെച്ച ഭൂമിയിലാണ് ആദിവാസി ഐക്യസമിതിയും ഗോത്ര മഹാസഭ, എ.കെ.എസ് തുടങ്ങി വിവിധ ആദിവാസി സംഘടനകളും ഒരു വര്‍ഷമായി കുടില്‍കെട്ടി സമരം നടത്തുന്നത്.എന്നാല്‍ പ്രദേശത്ത് കുടിവെള്ളവും വൈദ്യുതിയുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് സമരഭൂമിയിലെ ആദിവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുകയാണ്. 530 ഓളം കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരഭൂമിയില്‍ തുടരുന്നതെന്ന് ആദിവാസി ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു.