നവകേരള സദസ്സിന്റെ ആദ്യദിവസം കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 14,232 പരാതികള്‍ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.മഞ്ചേശ്വരം 1908, കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണ് നിവേദനങ്ങളുടെ എണ്ണം. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അറിയാനാകും. രസീത് നമ്പറോ പരാതിയിലുള്ള മൊബൈല്‍ നമ്ബറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചക്കുള്ളിലും ജില്ലതല ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കും.സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ല ഓഫിസര്‍മാര്‍ വകുപ്പുതല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും. ആദ്യ ദിവസത്തെ തിരക്ക് മുന്‍നിര്‍ത്തി ഇന്നലെ മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു