കല്‍പ്പറ്റ: വാളാട് സ്വദേശിനി ഭര്‍തൃ വീട്ടില്‍ വച്ച് മന്ത്രവാദത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായി സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ക്ക് തുടര്‍ പഠനത്തിന് സാഹചര്യമൊരുക്കാന്‍ ഇടപെടുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി.
അതിജീവിതയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം പി. സതീദേവി പുറപ്പെടുവിച്ച പ്രസ്താവന വായിക്കാം…’പെണ്‍കുട്ടിയെ അവരുടെ വാളകത്തെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും
എത്രമാത്രം സമൂഹത്തെ പിറകോട്ടടിപ്പിക്കുന്നു എന്നതിന്റെ ഒട്ടനവധി സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായിട്ടുള്ള ജാഗ്രത നമ്മള്‍ കൈക്കൊള്ളേണ്ടതായിട്ടുണ്ട്. വയനാട് വാളകത്തെ പെണ്‍കുട്ടിക്ക് ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങള്‍ ആണ് നേരിടേണ്ടി വന്നത്.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നല്ല നിലയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയായ പെണ്‍കുട്ടിക്ക് തുടര്‍ പഠനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കും എന്ന ഭര്‍തൃ വീട്ടുകാരുടെ വാക്കു വിശ്വസിച്ചാണ് വിവാഹം നടത്തിയത് എന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് കുട്ടിയുടെ തുടര്‍ പഠനം സംബന്ധിച്ച് ഭര്‍തൃ വീട്ടുകാര്‍ യാതൊരു സമീപനവും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും പിടിച്ചു വെക്കുകയായിരുന്നു. നിഷ്ഠൂരമായിട്ടുള്ള പീഡനത്തിനൊടുവില്‍ വധഭീഷണി അടക്കമുണ്ടായിട്ടുള്ള സാഹചര്യത്തില്‍ പേടിച്ചരണ്ട നിലയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടില്‍ അഭയം പ്രാപിക്കുകയാണ് ചെയ്തത്. നേരിട്ട് കണ്ട സമയത്ത് അവള്‍ തുടര്‍ന്നു പഠിക്കണം എന്ന് ആഗ്രഹമാണ് പങ്കുവെച്ചത്. തുടര്‍ പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഏത് സാഹചര്യത്തില്‍ കഴിയും എന്നുള്ളത് പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് അവള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പീഡനത്തെ അതിജീവിച്ച് മുന്നോട്ടു വന്നിട്ടുള്ള പെണ്‍കുട്ടിക്ക് തുടര്‍ന്ന് പഠിക്കാനും നേരിടേണ്ടി വന്നിട്ടുള്ള പീഡനങ്ങള്‍ അതിജീവിച്ച് മുന്നോട്ടുപോകാനും കഴിയണം എന്നാണ് വനിതാ കമ്മീഷന്‍ ആഗ്രഹിക്കുന്നത്.’