ന്യൂഡല്‍ഹി: ന്യായമായ സമ്പാദ്യ ശേഷിയും മതിയായ കാരണമില്ലാതെ ജോലിക്ക് പോകാത്ത ജീവിതപങ്കാളിക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന നടപടികളുടെ ഭാഗമായി ഭാര്യയ്ക്ക് കുടുംബകോടതി അനുവദിച്ചിരുന്ന ജീവനാംശം കുറയ്ക്കുന്നതിനായുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ദിരട്ട എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ന്യായമായി സമ്പാദിക്കാനുള്ള ശേഷിയുണ്ടെങ്കിലും മതിയായ കാരണങ്ങളോ തൊഴില്‍ നേടാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളോ ഇല്ലാതെ ജോലിയില്ലാതെ വെറുതെയിരിക്കാന്‍ തീരുമാനിക്കുന്ന പങ്കാളിക്ക് ജീവനാംശം നല്‍കാനുള്ള ഉത്തരവാദിത്തം ഭര്‍ത്താവില്‍ മാത്രം ഏല്‍പ്പിക്കാന്‍ കഴിയില്ല. സ്വയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത ഭാര്യക്ക് ആശ്വാസം എന്ന ലക്ഷ്യമാണ് ജീവനാംശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെ ഭാര്യക്ക് പ്രതിമാസം 30,000 രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസ് പരിഗണിക്കുകയായിരുന്നു കോടതി. തനിക്ക് വരുമാനം കുറവാണെന്നാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. മാത്രമല്ല ഭാര്യ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്ത ആളാണെന്നും ഒരു ആശുപത്രിയില്‍ 25000 രൂപക്ക് റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നുവെന്നും ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല തന്റെ സഹോദരിമാരെയും സഹോദരനെയും പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും സഹോദരന്റെ വിവാഹത്തിനായി എടുത്ത കടം തിരിച്ചടയ്ക്കാനുണ്ടെന്നും കോടതിയെ അറിയിച്ചു.എന്നാല്‍ ശമ്പളമില്ലാതെ സാമൂഹ്യപ്രവര്‍ത്തനം എന്ന രീതിയിലാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതെന്നുള്ള ഭാര്യയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളിക്കളഞ്ഞു. കുടുംബക്കോടതി വിധിച്ച 30,000 രൂപയില്‍ നിന്ന് 21,000 രൂപ ജീവനാംശം നല്‍കാനാണ് ഒടുവില്‍ കോടതി വിധിച്ചത്.