കല്‍പ്പറ്റ: പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനത്തിന് പൂക്കോട് കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയും.
സംസ്ഥാനത്ത് തെരുവ് നായ പേവിഷബാധ ശല്യം കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന തെരുവ് നായ നിയന്ത്രണ, പേവിഷബാധ നിര്‍മാര്‍ജ്ജന നടപടികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൂക്കോട് സര്‍വ്വകലാശാല വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
തെരുവു നായകളെ പിടികൂടുന്നതിനും എ.ബി.സി സെന്ററുകളില്‍ എത്തിക്കുന്നതിനും സന്നദ്ധ ഭടന്‍മാര്‍ക്ക് നായപിടുത്തത്തില്‍ വിദഗ്ദ പരിശീലനം നല്‍കും. താല്‍പര്യമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധരായ ആളുകള്‍ എന്നിവര്‍ക്ക് വേണ്ടി 5 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പദ്ധതിയാണ് ഷാര്‍പ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 25 പേരടങ്ങുന്ന റെസിഡന്‍ഷല്‍ പരിശീലനത്തിന് ഏകദേശം 1.5 ലക്ഷം രൂപ ചിലവുവരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും. ശാസ്ത്രീയ കരിക്കുലം എ.ബി.സി.ഡി സെന്റ്‌ററുകളില്‍ പ്രവര്‍ത്തിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരെ സജ്ജമാക്കാനായി 1 മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍കുന്ന പരിശീലനം ആണ് സംഘടിപ്പിക്കുന്നത്. നിശ്ചിത ഫീസ് അടച്ചോ, സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയോ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പഞ്ചായത്തുകള്‍ തോറും രൂപീകരിക്കുന്ന എ.ബി.സി.ഡി സെന്ററുകള്‍ക്ക് അനുബന്ധ ഷെല്‍ട്ടറുകള്‍ക്ക് ആവശ്യമായ ശാസ്ത്ര സാങ്കേതിക വിവരങ്ങളും,. മാതൃകാ രൂപരേഖയും, സാങ്കേതിക ഉപദേശങ്ങളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ അനുബന്ധ വകുപ്പുകള്‍ എന്നിവക്ക് കൈമാറാന്‍ സര്‍വ്വകലാശാല സജ്ജമാണ്. അത്തരം മാതൃകകള്‍ സര്‍വ്വകലാശയില്‍ നിലവില്‍ ലഭ്യവുമാണ്. സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ തെരുവുനായ, പേവിഷബാധ നിയന്ത്രണ ബേധവല്‍ക്കരണം പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകലാശാലയും ആവശ്യാനുസരണം പങ്കാളിയാകുന്നു. സര്‍വ്വകലാശാലയുടെ വിവിധ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലകള്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പേവിഷബാധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തനത് രീതിയില്‍ സംഘടിപ്പിക്കുന്നുണ്ട്. തെരുവ്‌നായ നിയന്ത്രണം, പേവിഷബാധ നിര്‍മാര്‍ജ്ജനം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകവും, ആശങ്കപ്പെടുത്തുന്നതും അശാസ്ത്രീയവുമായ പ്രചാരണങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങള്‍ എന്നിവയിലൂടെ പേവിഷ, തെരുവുനായ അക്രമണ ശാസ്ത്രീയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെയും മറ്റ് മാധ്യമങ്ങളുടെയും സാധ്യത ഉപയോഗിച്ച് തെരുവ്‌നായ നിയന്ത്രണം, പേവിഷരോഗ പ്രതിരോധം, ശാസ്ത്രീയ പരിപാലനം, ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജ്ജനം, ജന്തുജന്യ രോഗ നിയന്ത്രണം എന്നിവയില്‍ വിശദമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.