ബ്രഹ്മഗിരി സൊസൈറ്റിയുടെ പ്രതിസന്ധി; ക്രമക്കേടും ധൂര്‍ത്തുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക പ്രതിസന്ധി മാത്രമെന്ന് സിപിഎം

കല്‍പ്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി കോണ്‍ഗ്രസും സിപിഎമ്മും ഏറ്റുമുട്ടലിന്റെ പാതയില്‍.

സൊസൈറ്റിയുടെ കീഴില്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ ബ്രഹ്മഗിരി പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള നീക്കം അപലപനീയമാണെ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മലബാര്‍ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് ചീരാല്‍, നെന്‍മേനി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. ബ്രഹ്മഗിരി സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുക, നിക്ഷേപകര്‍ക്ക് മുതലും പലിശയും തിരികെ നല്‍കുക, ജീവനക്കാര്‍ക്ക് ശമ്പളം കുടിശിക സഹിതം അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചയിരുന്നു സമരം. ബ്രഹ്മഗിരിയിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതടക്കമുള്ള വിഷയങ്ങളില്‍ ആഞ്ഞടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. സി.പി.എമ്മിന് അല്‍പമെങ്കിലും തൊഴിലാളി സ്‌നേഹം ഉണ്ടായിരുന്നുവെങ്കില്‍ ബ്രഹ്ഗിരിയിലെ തൊഴിലാളികളുടെ ശബളം തുടര്‍ച്ചയായി ഒമ്പതു മാസം മുടങ്ങില്ലായിരുന്നുവെന്നാണ് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് എന്‍ഡി .അപ്പച്ചന്‍ പറഞ്ഞത്.
സി.ഐ.ടി.യു അംഗത്വമുള്ളവരാണ് ബ്രഹ്മഗിരിയിലെ മുഴുവന്‍ തൊഴിലാളികളും. മറ്റ് സ്ഥാപങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും സമരം ചെയ്യുന്ന സി.ഐ.ടി.യു ബ്രഹ്മഗിരി വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം ലജ്ജാകരമാണ്. തൊഴിലാളികള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത യൂനിയന്‍ നേതൃത്വം രാജിവയ്ക്കണം.
ബ്രഹ്മഗിരിയിലേത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും അഴിമതിയോ സാമ്പത്തിക തിരിമറിയോ നടന്നിട്ടില്ലെന്നുമാണ് സി.പി.എം വാദം. ഇത് കണ്ണടച്ച് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല സമൂഹം. വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേട് സൊസൈറ്റിയില്‍ നടന്നിട്ടുണ്ട്. ഇത് പുറത്തുവരണമെങ്കില്‍ സമഗ്ര അന്വേഷണം ഉണ്ടാകണം. ആഡംബര വാഹനങ്ങളില്‍ കറങ്ങി കോടിക്കണക്കിനു രൂപയാണ് ധൂര്‍ത്തടിച്ചത്. ബ്രഹ്മഗിരിയുടെ വിവിധ പ്രോജക്ടുകളില്‍ പണം നിക്ഷേപിച്ചവര്‍ കണ്ണീരിലാണ്. അവശ്യഘട്ടത്തില്‍ ചോദിക്കുന്നവര്‍ക്ക് നിക്ഷേപത്തിന്റെ ചെറിയ ഭാഗംപോലും നല്‍കാന്‍ സൊസൈറ്റി അധികൃതര്‍ കൂട്ടാക്കുന്നില്ല. കുടുംബശ്രീ അംഗങ്ങളില്‍നിന്നും ക്ഷീരകര്‍ഷകരില്‍നിന്നും പിരിച്ച തുക എത്രയും വേഗം തിരികെ നല്‍കണം- എന്‍.ഡി.അപ്പച്ചന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ സമരത്തെതുടര്‍ന്ന് വിശദമായ പ്രസ്താവനയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.


ബ്രഹ്മഗിരി പദ്ധതി ജില്ലയിലെ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്. ജനങ്ങളില്‍ നിന്നും പണം സ്വരൂപിച്ചാണ് പ്രധാനമായും മൂലധനം കണ്ടെത്തിയത്. നിലവില്‍ ഫാക്ടറിയുള്‍പ്പെടെ ബ്രഹ്മഗിരിക്ക് 50 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. നല്‍കാനുള്ള തുകയേക്കാള്‍ ആസ്തി നിലവിലുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് വരുമ്പോഴാണ് കേരളത്തില്‍ പ്രളയവും കോവിഡ് മഹാമാരിയും എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമായി വന്നതെന്ന് എല്ലാവര്‍ക്കും മാറിയാം. ഇത് മൂലം ഉല്‍പാദനത്തിലും വില്‍പനയിലും നാല് വര്‍ഷക്കാലത്തോളം പ്രതിസന്ധി നേരിട്ടു. ഇതിന്റെ ഭാഗമായി ചില പ്രശ്‌നങ്ങള്‍ ബ്രഹ്മഗിരിയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലും തരത്തില്‍ ഫണ്ട് തിരിമറി നടത്തിയതിനാലോ ഫണ്ട് തട്ടിപ്പ് നടത്തിയതിനാലോ വന്ന ഒരു പ്രതിസന്ധിയല്ല. പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്തെ വരുമാനത്തില്‍ വന്ന കുറവ് പ്രതിസന്ധിക്കിടയാക്കുകയാണ് ചെയ്തത്. ഇതിനെ സി.പി.ഐ(എം) നേതാക്കള്‍ അഴിമതി നടത്തി എന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ്, ലീഗ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന ചില സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങളുടെ പണം കൊള്ള നടത്തുകയും കെ.പി.സി.സി സെക്രട്ടറി തന്നെ ജയിലില്‍ കിടക്കുകയുമാണ്. ജില്ലാ പഞ്ചായത്തും അഴിമതി അന്വേഷണത്തെ നേരിടുന്നു. ഈ പട്ടികയില്‍ സി.പി.എമ്മിനെ പെടുത്താനാണ് ഇവരുടെ ശ്രമം. ബ്രഹ്മഗിരിയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ട്. പ്രയാസങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകാന്‍ ആവശ്യമായ എല്ലാ പിന്തുണയും സി.പി.എം ബ്രഹ്മഗിരിക്കു നല്‍കുമെും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *