കൽപ്പറ്റ :നവകേരള സദസ്സിന് വലിയ സ്വീകാര്യതയാണെന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നവകേരള സദസ്സ് പ്രഭാതയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തം നവ കേരള സദസ്സിന്റെ മുന്നേറ്റമാണ്. 140 മണ്ഡലങ്ങളിലൂടെയും നവകേരള സദസ്സ് പൂർത്തിയാകുമ്പോൾ ഇത് കേരള ചരിത്രത്തിൽ ഇടം തേടുന്ന കേരളം കണ്ട ഏറ്റവും വലിയ ബഹുജന പങ്കാളിത്ത സംവാദ പരിപാടി എന്ന റെക്കോഡിലേക്ക് ഉയരും. ഇതിനെതിരെ അപവാദം നടത്തുന്നവർ സ്വയം അപഹാസ്യരാവുകയാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുപരിപാടികൾ നടത്തുമ്പോൾ അത് തകർക്കാൻ ശ്രമിക്കുന്നവർ ദയനീയ പരാജയം നേരിടേണ്ടിവരും. അസാധരണവും അത്യപൂർവ്വവുമായി നാടിന്റെ ആകെ നന്മയ്ക്കുവേണ്ടി മന്ത്രി സഭ ഒന്നിച്ചിറങ്ങിയപ്പോൾ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാകുന്നുണ്ട്. എല്ലാവർക്കും തുല്യ പരിഗണനയെന്നതാണ് സർക്കാർ സ്വീകരിക്കുന്ന സമീപനം. ഇതിൽ നിന്നും വിട്ടുനൽകുന്നത് ശരിയായ പ്രവണതകളല്ല. പുതിയ വികസന നയങ്ങൾ ജനങ്ങൾ ഏറ്റെടുക്കും. ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കാനും തീർപ്പുകൽപ്പിക്കാനുമുള്ള സംവിധാനങ്ങൾ വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.