കൽപ്പറ്റ: 16 മണ്ഡലങ്ങളിലായി ഇതുവരെ ചേര്‍ന്ന നവകേരള സദസ്സിൽ നിന്നും നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം എല്‍ എ മാര്‍ ബഹിഷ്കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടക സമിതികള്‍ പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ജനങ്ങളാണെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വയനാട് നവകേരള സദസിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഒരു ബഹിഷ്കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രതികച്ചു.എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.