ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാന് വായനക്കാർ ഏറുന്നു

  ഷാർജ : മരുഭൂവിലെമണൽക്കാറ്റേറ്റ് പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ”ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ” എന്ന പുസ്തകത്തിന്  കാലാനുസൃത പ്രസക്തിയേറുന്നു.പ്രവാസലോകത്തിന്റെ കുതിപ്പും കിതപ്പും അറിഞ്ഞ ബഷീറിന്റെ  യഥാർത്ഥ ജീവിത കഥയാണ് അദ്ദേഹത്തിന്റെ മകൾ ആമിന എഴുതിച്ചേർത്തത്. കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തേക്കു ചേക്കേറിയ ബഷീറിന് സ്വന്തം ഉമ്മയും സഹോദരങ്ങളും നൽകിയ പറ്റു ചീട്ടിന്റെയും കടബാധ്യതയുടെയും ദിർഹമുകൾ നോട്ടുകളാക്കി കൊടുത്തു തീർക്കാനേ സാധിക്കുമായിരുന്നുള്ളൂ . തന്റെ ഇരുപതാമത്തെ വയസ്സിൽ സാഹസികമായി ഖോർഫുഖാനിൽ എത്തിച്ചേർന്ന  കൊല്ലം കാരൻ ബഷീർ നാട്ടിലെ ചോർന്നൊലിക്കുന്ന ഓലപ്പുര ഓടിട്ട വീടാക്കുകയും ചെയ്തതിന് ശേഷം  നീണ്ട 10 വർഷങ്ങൾ പിന്നിട്ടശേഷമാണ് തൂക്കം നോക്കി കെട്ടിയൊരുക്കിയ പെട്ടിയും കടം വാങ്ങിയ കൂളിംഗ് ഗ്ലാസ്സുമായി നാടണയുന്നത്. ബാപ്പയുടെ കാലശേഷവും ബാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചെറിയ പുരയിൽ ആമിനക്ക് കരയണയാനായിട്ടില്ല…… സ്വത്ത് തർക്കത്തിൽ ബന്ധുക്കൾ തീർത്ത കദനഭാരമാണ് ആമിന ഹൃദയ തൂലിക കൊണ്ട് ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാനിലൂടെ വരച്ച് ചേർത്തിരിക്കുന്നത്. കുടുംബത്തെ കരപറ്റിക്കാൻ  പ്രവാസലോകം തിരഞ്ഞെടുത്ത ബഷീറിനെ ഒടുവിൽ കൂടപ്പിറപ്പുകൾ തള്ളി പറയുകയും അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവനും തട്ടിയെടുക്കുകയും ചെയ്യുന്നു. ചൂഷണം ചെയ്യപ്പെടുന്ന പ്രവാസിയെയാണ് ആമിന തൻ്റെ പുസ്തകത്തിലൂടെ കാണിച്ചു തരുന്നത്. ബാപ്പയുടെ കൈ പിടിച്ചു നടന്നപ്പോൾ ആ കൈയിലൂടെ ലഭിച്ച നോവിന്റെ തുടുപ്പ് ആമിന എഴുത്തിലൂടെ ഹൃദ്യമാക്കിയിട്ടുണ്ട്. ചിരന്തന പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.ദീർഘകാല യു എ ഇ മലയാളിയും പ്രവാസ ലോകത്തെ മലയാളികൾക്ക് നിയമസഹായ കൺസൾട്ടൻസി സി ഇ ഒ യുമായ സലാം പാപ്പിനിശ്ശേരിയാണ് ബഷീറിന്റെ ജീവിതാവസാന കാലത്ത് നിയമ സഹായത്തിനും ജീവിത പ്രയാസങ്ങൾക്കും താങ്ങും തണലുമായി കൂടെ നിന്നത്.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണനാണ് യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിക്ക്‌  പുസ്തകം നൽകി പ്രകാശനം ചെയ്തത്. ബഷീറിന്റെ മകൾ ആമിനയും ചടങ്ങിൽ പങ്കെടുത്തു.   പരിപാടിയിൽ റേഡിയോ കേരളം കോർഡിനേഷൻ ഹെഡ് ജോബി വാഴപ്പിള്ളിയെ ആദരിച്ചു. ചടങ്ങിൽ  ഫാദർ ജിജോ പുതുപ്പള്ളി, പുന്നക്കൻ മുഹമ്മദലി, മച്ചിങ്ങൽ രാധാകൃഷ്ണൻ,   തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉള്ളടക്കം: ഫോട്ടോ – ക്യാപ്ഷൻഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിക്ക്‌  പുസ്തകം നൽകി പ്രകാശനം ചെയ്തപ്പോൾ. ബഷീറിന്റെ മകൾ ആമിന മധ്യത്തിൽ ….  

Leave a Reply

Your email address will not be published. Required fields are marked *