വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍ബത്തേരി : കര്‍ണാടകത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചാമരാജ് നഗര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഗുണ്ടല്‍പേട്ട അടക്കം വയനാടിനോട് ചേര്‍ന്നുള്ള കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചോളത്തണ്ട് കടത്തുന്നതിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിയന്ത്രണം കൊണ്ടുവന്നത്.വയനാട്ടിലെ പാല്‍ ഉദ്പാദനത്തെ മാത്രമല്ല, ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവരെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളില്‍ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. ചോളത്തണ്ട് പശുക്കള്‍ക്ക് നല്‍കിയാല്‍ പാലിൻ്റെ ഗുണമേന്മ കൂടുമെന്നതാണ് ക്ഷീര കര്‍ഷകര്‍ ചോളത്തണ്ട് കാലിത്തീറ്റയായി നല്‍കുന്നതിന് പ്രധാന കാരണം. കര്‍ണാടകത്തില്‍ ചൂട് കൂടിയതിനാല്‍, അവിടുത്തെ പാല്‍ ഉല്‍പാദനം കൂട്ടാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.നേരത്തെ മില്‍മ കേരളത്തില്‍ സബ്സിഡി നിരക്കില്‍ ചോളത്തണ്ട് നല്‍കിയിരുന്നു. അതെടുത്ത് മാറ്റിയതിന് പിന്നാലെ, കര്‍ഷകര്‍ സ്വന്തം നിലയ്ക്കാണ് ചോളത്തണ്ട് വാങ്ങിയിരുന്നത്. എന്നാല്‍, ഇതും കിട്ടാതായാല്‍ കര്‍ഷകര്‍ ആകെ ദുരിതത്തിലാകും. പ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്നാണ് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.