ലക്ഷ്യബോധമുള്ള വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യം -ജില്ലാ കളക്ടര്‍

മുട്ടിൽ :ലക്ഷ്യബോധമുള്ളതും ഗുണമേന്മയേറിയതുമായ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ നടന്ന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ന്യൂനപക്ഷ വിഭാഗത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയണം. സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് മറ്റു സമൂഹത്തിന് തുല്യമായ വിദ്യാഭ്യാസവും ജീവിത ലക്ഷ്യങ്ങളും നിറവേറ്റാന്‍ കഴിയണം. വിദ്യാഭ്യാസം, ജോലി ,ജീവിത സുരക്ഷിതത്വം എന്നിവയെല്ലാം എത്തിപ്പിടിക്കാന്‍ ന്യൂന പക്ഷ വിഭാഗത്തിനായി അനേകം സര്‍ക്കാര്‍ പദ്ധതികളുണ്ട്. ഇതൊന്നും അറിയാത്തവര്‍ സാധാരണ സമൂഹത്തില്‍ ഒട്ടേറെയുണ്ട്. ഇവരെല്ലാം പഠിച്ച് മുന്നേറാനുള്ള ആഗ്രഹങ്ങളെയെല്ലാം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ്. വിദ്യാഭ്യാസത്തിന് ആവശ്യമുള്ള പണമില്ല, സാഹചര്യമില്ല എന്നെല്ലാം മുന്‍വിധിയെഴുതി ജീവിത പ്രാരാബ്ദങ്ങളിലേക്ക് ഒതുങ്ങുകയാണ് പലരുമെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവര്‍ക്കും വലിയ ലക്ഷ്യങ്ങളിലെത്താം. ഇതിനെല്ലാം ന്യൂനപക്ഷ കമ്മീഷനും വഴികാട്ടും. സമൂഹത്തില്‍ വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. സര്‍ക്കാര്‍ ജോലി മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനം. അതിലുപരി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ ശോഭിക്കാന്‍ കഴിയും. അതെല്ലാം നേടിയെടുക്കാന്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. വിവിധ മതന്യൂന പക്ഷവിഭാഗങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ന്യൂനപക്ഷ കമ്മീഷന്‍ വയനാട് ജില്ലയില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമാണെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു.സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ ഹാജി വിഷയാവതരണം നടത്തി. കമ്മീഷന്‍ അംഗം പി.റോസ, എ.ഡി.എം എന്‍.ഐ.ഷാജു, സംഘാടകസമിതി ചെയര്‍മാന്‍ ഖാദര്‍ പട്ടാമ്പി, പി.പി.അബ്ദുള്‍ ഖാദര്‍, , ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ.അഹമ്മദ്ഹാജി, സെമിനാര്‍ സ്വാഗതസംഘം കണ്‍വീനര്‍ ഫാ.വര്‍ഗ്ഗീസ് മണ്‍റോത്ത് ഫാ.വര്‍ഗ്ഗീസ് മറ്റമന, വയനാട് ജൈന സമാജം ഡയറക്ടര്‍ സി.മഹേന്ദ്രകുമാര്‍ കളക്‌ട്രേറ്റ് എം.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റല്‍ ബാങ്കിങ്ങ് സേവനത്തെക്കുറിച്ച് മാനന്തവാടി പോസ്റ്റല്‍ ബാങ്ക് മാനേജര്‍ കെ.നിയ ചടങ്ങില്‍ വിശദീകരിച്ചു. *ന്യൂനപക്ഷങ്ങളുടെ ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കും -ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ. എ.എ റഷീദ്*സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിലകൊള്ളുന്നതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം നല്‍കുന്നതിനായി മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടത്തിയ ജില്ലാതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് മത ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കായി മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമി തുടങ്ങുന്നതിനായി വിശദമായ രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ സഹായം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം എന്നിവ മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമിലൂടെ ലഭ്യമാക്കും. ന്യൂനപക്ഷങ്ങളില്‍ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ -ജൈന-പാഴ്സി – സിഖ് വിഭാഗങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേരള മീഡിയ അക്കാദമിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബുദ്ധ -ജൈന-പാഴ്സി -സിഖ് വിഭാഗങ്ങളുടെ സംസ്ഥാനതല യോഗം ഡിസംബര്‍ 20 ന് എറണാകുളം ഗവ.റസ്റ്റ് ഹൗസില്‍ ചേരും.തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. തൊഴിലന്വേഷകര്‍ക്ക് അവരുടെ കഴിവിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഇതിനകം രണ്ടുതവണ ജില്ല സന്ദര്‍ശിച്ച് ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ രണ്ടു തവണ ജില്ലാതല സിറ്റിങ്ങുകള്‍ നടത്തി. പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥ#ികള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് സമീപിക്കുമ്പോള്‍ മാര്‍ക്ക് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലന്നും ഇക്കാര്യത്തില്‍ കമ്മീഷന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.അമ്മ മകന് ഇഷ്ടദാനം നല്‍കിയ ഭൂമി മകന്‍ പിടിച്ചെടുത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കമ്മീഷന്‍ ശക്തമായി ഇടപെടുയും ഭൂമി അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കുകയും ചെയ്തായും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.*ന്യൂനപക്ഷങ്ങളുടെ ക്ഷേമം; ശ്രദ്ധേയമായി സെമിനാര്‍*സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സേവനങ്ങള്‍ എന്നിവയെല്ലാം പരിചയപ്പെടുത്താന്‍ വയനാട് ജില്ലയില്‍ വിപുലമായി ആദ്യമായി നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ജില്ലയില്‍ നിന്നുളള മതന്യൂനപക്ഷ പ്രതിനിധികള്‍ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ വിഷയാവതരണം നടത്തി.ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമുദായ ക്ഷേമ സ്ഥാപനങ്ങള്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുതല്‍ തൊഴില്‍, വ്യവസായ വായ്പകള്‍, അവ അപേക്ഷിക്കേണ്ട വിധം എന്നിവ സെമിനാറില്‍ വിശദീകരിച്ചു. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ആവിഷ്‌ക്കരിച്ച സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. കേരള നോളജ് ഇക്കോണമി മിഷനിലൂടെ ന്യൂനപക്ഷ വിഭാഗക്കാരായ തൊഴിലന്വേഷകര്‍ക്ക് അവരുട കഴിവിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും സെമിനാറില്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാക്കിയ കൈപ്പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *