ജൈവ കാലിത്തീറ്റ നിരോധനം- കര്‍ണാടക മുഖ്യമന്ത്രിയേയും, സ്പീക്കറേയും നേരില്‍ കണ്ടു

കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയേയും, സ്പീക്കര്‍ യുടി ഖാദറിനേയും നേരില്‍ കണ്ട് കൂടികാഴ്ച നടത്തി. വയനാട് ജില്ലയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുകളാണ് കൂടുതലുള്ളത്. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാരായ ക്ഷീരകര്‍ഷകരേയും ക്ഷീരമേഖലയേയും ഈ നിരോധനം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടായ സാഹചര്യത്തിലും ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ എടുത്ത തീരുമാനത്തിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അത് പിന്‍വലിക്കാനുള്ള റിപ്പോര്‍ട്ട് തേടി പുനപരിശോധിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. മലയാളികളായ കര്‍ഷകര്‍ കര്‍ണാടകയില്‍ പോയി തീറ്റപുല്‍ കൃഷി ചെയ്യുന്നത് പോലും കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നു. അതോടൊപ്പം നിരവധി ഫാമുകള്‍ അടച്ച് പൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. വിധാന്‍ സൗദയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലും, സ്പീക്കര്‍ യു.ടി ഖാദറിനെ അദ്ദേഹത്തിന്റെ ഓഫീസിലുമാണ് കൂടികാഴ്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു കൂടികാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *