തന്റെ കരുത്തുറ്റ കാലുകൾകൊണ്ട് ജിലു വണ്ടി ഓടിക്കും

പാലക്കാട്: ജന്മനാ രണ്ട് കൈകളുമില്ല, എന്നാൽ കാറോടിക്കണം എന്ന ജിലുമോളുടെ ആ​ഗ്രഹത്തിന് ഇത് തടസമായില്ല. തന്റെ കരുത്തുറ്റ കാലുകൾകൊണ്ട് ജിലു വണ്ടി ഓടിച്ചു. പക്ഷേ അപ്പോഴും ലൈസൻസ് എടുക്കാൻ കുറച്ചൊന്നുമല്ല ഓടേണ്ടിവന്നത്. ഇപ്പോൾ ഇതാ ഫോർവീൽ ഡ്രൈവിങ് ലൈസൻസ് എന്ന തന്റെ സ്വപ്നത്തെ കാലെത്തിച്ച് പിടിച്ചിരിക്കുകയാണ് ജിലുമോൾ. നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തിൽ വച്ചു മുഖ്യമന്ത്രിയിൽനിന്നാണ് ജിലുമോൾ ലൈസൻസ് ഏറ്റുവാങ്ങിയത്. ഇതോടെ ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയിരിക്കുകയാണ് ഈ ഇടുക്കിക്കാരി. ലാസൻസ് ഏറ്റുവാങ്ങിയതിനു പിന്നാലെ മന്ത്രിമാരായ ആര്‍. ബിന്ദു, ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവരെ കൂടെയിരുത്തി ജിലു കാറോടിച്ചു. ആറുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഇടപെട്ടാണ് ലൈസന്‍സ് നേടിക്കൊടുത്തത്. കുട്ടിക്കാലംമുതല്‍ക്കേ കാറോടിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. എറണാകുളം വടുതലയിലെ മരിയ ഡ്രൈവിങ് സ്‌കൂളിലെ ജോപ്പനുകീഴില്‍ ഡ്രൈവിങ് പഠിച്ച് തൊടുപുഴ ആര്‍.ടി.ഒ. ഓഫീസിലെത്തിയെങ്കിലും ലൈസന്‍സ് ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ കാറുമായി ചെന്നപ്പോഴും മോട്ടർ വാഹന വകുപ്പ് അധികൃതർ മടക്കി അയച്ചതോടെയാണു ഭിന്നശേഷി കമ്മിഷൻ ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *