തിരുവനന്തപുരം: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. ഇതില്‍ ആദ്യ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഡിസംബര്‍ നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നടക്കും.പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി അടിയന്തിര ഇടപെടലുകള്‍ നടത്തും. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിക്കുമെന്നും പി. സതീദേവി അറിയിച്ചു. ആദ്യ പട്ടികവര്‍ഗ മേഖല കാമ്പ് ഈ മാസം നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നടക്കും. രാവിലെ 8.30ന് മലപ്പുറം പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും. അഞ്ചിന് രാവിലെ 10ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം മുഖ്യാതിഥിയാകും.പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മധു അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓര്‍ഡിനേറ്ററും റിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി. ഹരികുമാര്‍ അവതരിപ്പിക്കും. അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ പട്ടികവര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം ചേരും. കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി യോഗം ഉദ്ഘാടനം ചെയ്യും.