ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഈ മാസം 22 വരെയാണ് സമ്മേളനം. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തു കാട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി.സമ്മേളന കാലയളവില്‍ 19 ബില്ലുകള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയേറെയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തോറ്റെങ്കിലും ബിജെപിക്കെതിരായ ആശയപോരാട്ടം തുടരുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെച്ചേക്കും. മഹുവക്കെതിരെ നടപടി വേണമെന്നും ലോക്‌സഭാംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് എത്തിക്‌സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടത്