കല്‍പറ്റ:വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഇന്നു സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബത്തേരി മുന്‍ ഡിവൈ.എസ്.പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കിയത്. 80,000 അധികം പേജുള്ളതാണ് കുറ്റപത്രമെന്നാണ് അറിയുന്നത്. വാഴവറ്റ മൂങ്ങനാനിയില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍, ഇവരുടെ ഡ്രൈവര്‍, മൂന്നു ഭൂവടമകള്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തതാണ് സൂചന. ആഴ്ചകള്‍ മുമ്പ് തയാറായ കുറ്റപത്രം ജില്ലാ പോലീസ് മേധാവിയുടെയും ഉത്തര മേഖല എ.ഡി.ജി.പിയുടെയും നിയമവിദഗ്ധരുടെയും പരിശോധനയ്ക്കു വിട്ടിരുന്നു.റവന്യൂ പട്ടയഭൂമികളിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരും അടക്കം 65 പേരുടെ പട്ടയ ഭൂമികളിലാണ് ഈട്ടിമുറി നടന്നത്. മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതിക്ക് ഭൂവുടമയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടത്. ഇത്തരത്തില്‍ മുട്ടില്‍ വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ഏഴെണ്ണത്തില്‍ അഗസ്റ്റിന്‍ സഹോദരന്‍മാരില്‍ ഒരാളുടേതാണ് എഴുത്തും ഒപ്പുമെന്നു കൈയക്ഷരങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു 104 കുറ്റി ഈട്ടിയാണ് മുറിച്ചത്. ഈ മരങ്ങളില്‍ കുറെ എണ്ണത്തിനു 300 മുതല്‍ 500ല്‍ അധികം വരെ വര്‍ഷം പഴക്കമാണ് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചത്. തടികളുടെ സാംപിള്‍ തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തിലാണ് പരിശോധനയക്ക് വിധേയമാക്കിയത്.മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയ ഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2011 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈട്ടി മുറി നടന്നത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് 2021 ജൂണിലാണ് വനം വകുപ്പ് തടികള്‍ കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നില്‍നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലുണ്ട്. പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക സംഘം അന്വേഷിച്ചത്.