ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ തീവ്ര മഴ തുടരുന്നു. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു.പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.