പുല്‍പ്പള്ളി സഹ. ബാങ്ക് വായ്പാതട്ടിപ്പ്;കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും അറസ്റ്റില്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവു കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസാ(60)ണ് അറസ്റ്റിലായത്.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു 2022 ഒക്്‌ടോബറില്‍ പുല്‍പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്ന് ഉച്ചക്ക് വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പൗലോസുകുട്ടിയുടെ അറസ്റ്റ് വൈകുന്നേരമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ബാങ്ക് മുന്‍ ഡയറക്ടറാണ് പൗലോസ്. ബാങ്ക് അധികാരികളായിരുന്നവര്‍ വ്യാജരേഖകള്‍ ചമച്ച് തങ്ങളുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തെന്നാണ് ദമ്പതികളുടെ പരാതി.


ബാങ്ക് വായ്പ ഇടപാടുമായി ബന്ധപ്പെട്ട് പൗലോസുകുട്ടിക്കെതിരേ സഹോദര ഭാര്യ ദീപയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ഷാജിയുടെ പേരില്‍ വായ്പയെടുത്തു കബളിപ്പിച്ചുവെന്നായിരുന്നു ദീപയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ പൗലോസുകുട്ടിക്ക് ജില്ലാ കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥയനുസരിച്ച് ഒപ്പിടുന്നതിനു നാളെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വായ്പാതട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാം, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ അടുത്തിടെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കെ.കെ. എബ്രഹാം അടക്കം 10 പേരാണ് പ്രതികള്‍. മുന്‍ ഡയറക്ടര്‍മാരായ ടി.എസ്.കുര്യന്‍, ബിന്ദു തങ്കപ്പന്‍, സുജാത ദിലീപ്, മണി പാമ്പനാല്‍, സി.വി.വേലായുധന്‍, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു.തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് വിജിലന്‍സ് കേസിലെ മറ്റു പ്രതികള്‍. ബാങ്കില്‍ ഏകദേശം എട്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
പണയവസ്തുവിന്റെ യഥാര്‍ഥ മൂല്യത്തിന്റെ അനേകം മടങ്ങ് തുക വായ്പ അനുവദിച്ചായിരുന്നു തട്ടിപ്പ്. അപേക്ഷകന്റെ പേരില്‍ അനുവദിക്കുന്ന വായ്പയുടെ സിംഹഭാഗം ബാങ്ക് ഡയറക്ടര്‍മാരുടെയും മറ്റും കൈകളിലാണ് എത്തിയതെന്നാണ് ആരോപണം. 1.2 കോടി രൂപ കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് വേഗത വന്നത്. അറസ്റ്റിനു പിന്നാലെ ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. കേളക്കവല ചെമ്പകമൂലയിലെ രാജേന്ദ്രന്‍ നായര്‍ എന്ന കര്‍ഷകനാണ് വായ്പാതട്ടിപ്പില്‍പെട്ട് ആത്മഹത്യ ചെയ്തത്. രാജേന്ദ്രന്‍നാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടും ഏബ്രഹാമിനും രമാദേവിക്കും എതിരേ കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *