കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; പിഎസ് സ്മാരകത്തിൽ പൊതുദർശനം

കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിൻ്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ രാജൻ ഭൗതിക ശരീരത്തെ അനുഗമിച്ചു. വൈകാതെ പട്ടത്തെ പിഎസ് സ്മാരകത്തിൽ ഭൗതികദേഹം പൊതുദർശനത്തിനു വെക്കും.രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഡൊമസ്റ്റിക് കാർഗോ ടെർമിനലിലിൽ നിന്ന് ആറുപേർക്ക് സഞ്ചരിക്കാവുന്ന സ്വകാര്യ വിമാനത്തിൽ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.ഉച്ചക്ക് രണ്ട് മണി വരെയാണ് പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.ഹൃദയാഘാതത്തെ തുടർന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം. കൊച്ചിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കാൽപാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാർത്ഥി പ്രസ്ഥാനമായ എഐവൈഎഫിൽ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊൻപതാം വയസിൽ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയിൽ സജീവമായി പ്രവർത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവർത്തന മികവിലൂടെ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന കൗൺസിലിൽ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തൽ ശക്തിയായി കാനം പ്രവർത്തിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *