ശബരിമല തിരക്ക്;ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; ദര്‍ശനസമയം കൂട്ടാനാകുമോ?; പ്രതികരിച്ച് തന്ത്രി

കൊച്ചി: ശബരിമലയില്‍ ഭക്തജനത്തിരക്ക് ഏറിയ സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം വകുപ്പ് കോടതിയെ അറിയിച്ചു. നിലവില്‍ ദിവസം 17 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്.ഈ വര്‍ഷത്തെ മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരുലക്ഷത്തിലധികം ഭക്തരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ശനിയാഴ്ച ഇതില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ട് സിറ്റിങ് നടത്തിയത്.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി ഹൈക്കോടതി മര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ തിരക്കുള്ള സമയത്ത് ക്യൂ കോംപ്ലക്സ് വഴി ഭക്തരെ കടത്തിവിടണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ വലിയതോതിലുള്ള ഭക്തജനത്തിരക്ക് വന്നതോടെ ഇതുകൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് കോടതി പ്രത്യേക സിറ്റിങ് നടത്തിയത്.ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക 76,500 പേര്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശനസമയം കൂട്ടിയാല്‍ ഇത് ഏകദേശം 85,500 ആയി ഉയരും. എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങും ഉള്‍പ്പെടെ ഒരുലക്ഷത്തിന് മേലെയാണ്.വരുംദിവസങ്ങളിലും തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചുകൂടേയെന്നും കോടതി ചോദിച്ചു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറോട് സന്നിധാനത്ത് തുടരാനും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *