പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്. ഇടത്താവളങ്ങള്‍ നിറഞ്ഞ നിലയിലാണ്. നിലയ്ക്കലിലെ പാര്‍ക്കിങ് നിറഞ്ഞതോടെ വാഹനങ്ങള്‍ ഇടയ്ക്കിടെ തടയുന്നതും വാഹനകുരുക്കിന് കാരണമാകുന്നത്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടി സുരക്ഷ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് എഡിജിപി വിശദാംശങ്ങള്‍ അറിയിക്കുക. ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി ദേവസ്വം ബോര്‍ഡും വ്യക്തമാക്കും. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്. വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് 90000 പേരാണ് ബുക്ക് ചെയിതിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേരാക്കി ചുരുക്കിയെങ്കിലും ഇന്നത്തെ തിരക്ക് നേരത്തെ ബുക്കിങ് അടിസഥാനമാക്കിയുള്ളയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70,000-ത്തോളം പേരും. വെര്‍ച്വല്‍ ക്യു 75,000 ആയി കുറക്കാനാണ് പുതിയ നിര്‍ദേശം. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.