ജോയിന്റ് സപ്പോർട്ടീവ് സൂപ്പർവിഷൻ : കേന്ദ്ര സംഘംജില്ലയിൽ പര്യടനം നടത്തി

ദേശീയ ജോയിന്റ് സപ്പോർട്ടീവ് സൂപ്പർവിഷൻ മിഷന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ പര്യടനം നടത്തി. ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിൽ നടപ്പിലാക്കുന്ന പകർച്ചേതര വ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യ സൗകര്യങ്ങളും പഠിക്കാനും നേരിട്ട് വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമാണ് കേന്ദ്ര സംഘമെത്തിയത്. അമ്പലവയൽ കുടുംബാരോഗ്യകേന്ദ്രം, ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂർ നാട് ട്രൈബൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രം, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, ഹെൽത്ത് ആൻറ് വെൽനസ് സെന്ററുകൾ എന്നിവിടങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ജില്ലാ കലക്ടർ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തിയ സംഘം ജില്ലയിലെ ആരോഗ്യസേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണനിലവാരം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ജില്ലയിലെ ജീവിതശൈലീ രോഗങ്ങളുടെ സ്ക്രീനിംഗ്, പരിശോധന, പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ,ചികിത്സാ സേവനങ്ങൾ തുടങ്ങിയവവും പ്രശംസനീയമാണെന്ന് സംഘം വിലയിരുത്തി.

കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സരിത നായർ, എൻ സി ഡി സീനിയർ കൺസൾട്ടന്റ് ഡോ.അദ്നാൻ വർഗീസ്, കൺസൾട്ടൻറുമാരായ ഡോ ശ്വേത സിങ്, ഋതിക കുമാരി, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എൻസിഡി നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ അഭിഷേക്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ പ്രതിനിധികൾ, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ ബിപിൻ ഗോപാൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ദിനീഷ് പി, ജില്ലാ പ്രോഗ്രാം മാനേജർ എൻ എച്ച് എം ഡോ സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയ സേനൻ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ഷിജിൻ ജോൺ ആളൂർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ സുഷമ പി എസ്, ഹെൽത്ത് ആൻറ് വെൽനസ് സെൻറർ ജൂനിയർ കൺസൾട്ടൻറ് ഡോ ജെറിൻ ജെറാൾഡ്, എൻ എച്ച് എം എൻസിഡി കൺസൾട്ടൻറ് ഡോ മനു, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം മുസ്തഫ , എൻഎച്ച്എം ജൂനിയർ കൺസൾട്ടന്റ് നിജിൽ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *