തലപ്പുഴ: ഉപജീവന മാർഗമായ ആടുകളെ മോഷ്ടിക്കുന്ന സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ കേളകം അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ സക്കീർ ഹുസൈൻ ((35), മരുതോങ്കൻ വീട്ടിൽ ബേബി (60), നൂൽപ്പേലിൽ വീട്ടിൽ ജൗഫർ (23), ഉമ്മറത്ത് പുരയിൽ ഇബ്രായി (54) എന്നിവരെയാണ് തലപ്പുഴ എസ്.ഐ. വിമൽ ചന്ദ്രൻ അറസ്റ്റു ചെയ്തത്. പേര്യ, വട്ടോളി, മുള്ളൽ ഭാഗങ്ങളിൽ നിന്ന് നിരന്തരം ആടുകളെ കാണാതാവുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ആടുകളെ കടത്താനായി ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
നിരന്തരം പരാതി ലഭിച്ചതിനെ തുടർന്ന് സി.സി.ടി.വി.യും മറ്റും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടികൂടാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഇവർ ഇടനിലക്കാരെവച്ച് ഒത്തുതീർപ്പിനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഒത്തുതീർപ്പിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പോലീസ് മോഷണസംഘത്തെ കസ്റ്റഡിയിലെടുത്തത്.
കുടുംബശ്രീ വായ്പയും മറ്റും എടുത്ത് ഉപജീവനത്തിനായി ആടുകളെ വളർത്തുന്ന വീട്ടമ്മമാരുടെ നല്ലയിനം ആടുകളെയാണ് പലതവണയായി സംഘം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. എല്ലാവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു. എസ്.ഐ വിമൽ ചന്ദ്രനു പുറമേ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ആർ. സനിൽ, വി.കെ. രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ യു. അൽത്താഫ് എന്നിവരും കേസന്വേഷണത്തിൽ പങ്കെടുത്തു