മേപ്പാടി: കുന്നമ്പറ്റയിൽ നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ സംഘത്തിലെ രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. തോണിച്ചാല്‍ കള്ളാടിക്കുന്ന് മിഥുന്‍(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ് എസ്‌ഐ സുനില്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. കേസില്‍ മാനന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് ബാലചന്ദ്രനെ(32)നേരത്തേ പിടികൂടിയിരുന്നു.
മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് നായാട്ടുസംഘം വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഘാംഗം ബാലചന്ദ്രനെ തോക്ക് സഹിതം വനസേന പിടികൂടി. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബാലചന്ദ്രനെ ആയുധ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.
പോലീസ് മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തവേ കേസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന മിഥുനെ കേസില്‍നിന്നു ഒഴിവാക്കാന്‍ പിതാവ് മണി കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി. താനാണ് പ്രതിയെന്നു പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മണിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ച പോലീസ് യഥാര്‍ഥ പ്രതികളെ പിടികൂടുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, ഫൈസല്‍, റഷീദ്, സുനില്‍ എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.