സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനമായ ചുള്ളിയോട് ടൗണിന്റെ ഹൃദയ ഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി നീക്കത്തിനെതിരെ ചുള്ളിയോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ജില്ലാ കളക്ടര്‍, ജില്ലാ ശുചിത്വ മിഷന്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് എന്നിവര്‍ക്ക് നിവേദനം നല്‍കി.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാത്രിയില്‍ ചുള്ളിയോട് ടൗണിലെ പഞ്ചായത്ത് മാലിന്യങ്ങള്‍ കൂട്ടി ഇട്ടതിനു തീ പിടിച്ചതിനെ തുടർന്ന് അമ്പലകുന്ന് കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജനജീവിതം ഇല്ലാത്ത ഒഴിഞ്ഞ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം സംസ്കരണവും ശേഖരണവും നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി പ്രദേശ വാസികളും, വ്യാപാരികളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകള്‍ ഒപ്പിട്ട നിവേദനമാണ് മുസ്ലിം ലീഗ് നേതാക്കളായ സലിം. കെ, ബഷീര്‍ കല്ലായി, മൊയ്തീന്‍ കോയ, ശിഹാബ്. സി, ഷമീര്‍ പി.വി, അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ അധികാരികള്‍ക്ക് കൈമാറിയത്.
നെന്മേനി ഗ്രാമ പഞ്ചായത്തിന് കീഴില്‍ ജനവാസം ഇല്ലാത്ത പ്രദേശങ്ങളില്‍ തരിശു ഭൂമികളും മറ്റ് സ്ഥലങ്ങളും പഞ്ചായത്തിന് സ്വന്തമായി ഉണ്ടെന്നിരിക്കെ ജനവാസ മേഖലയായ ചുള്ളിയോട് ടൗണില്‍ വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, പ്രദേശ വാസികള്‍ എന്നിവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം മാലിന്യം നിക്ഷേപിക്കുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി പ്രതിഷേധത്തിന് ആക്കം കൂട്ടുകയാണ്.
പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.