തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പിൽ അനുമതിയായി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും അനുവദിച്ചു. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അഞ്ചു കെട്ടിടങ്ങളുടെ നിർമാണത്തിനും ഒരു റോഡിനുമായാണ് വയനാട് ജില്ലയിൽ 11 രൂപയ്ക്ക് ഭരണാനുമതി നൽകിയത്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ശ്രീകണ്ടപ്പ ഗൗണ്ടർ സ്റ്റേഡിയം നിർമാണത്തിന് 5 കോടി രൂപയും മാനന്തവാടി മണ്ഡലത്തിലെ മക്കിയാട് ഗവ. എൽപി സ്‌കൂൾ കെട്ടിടത്തിന് ഒരു കോടിയും തിരുനെല്ലി ചേകാടി ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടിയും വെള്ളമുണ്ട കരിങ്ങാരി എൽപി സ്‌കൂൾ കെട്ടിടത്തിന് ഒരു കോടിയും പീച്ചംകോഡ് ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടിയും അനുവദിച്ചു. പഴശ്ശി കുടീരം-മെഡിക്കൽ കോളേജ്-പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.