യുക്തിക്ക് നിരക്കാത്ത പ്രവൃത്തിദിനങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കില്ല: കെ പി എസ് ടി എ

കല്‍പ്പറ്റ: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള്‍ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍ പി യില്‍ 800 മണിക്കൂറും യു പി യില്‍ 1000 മണിക്കൂറും ഹൈസ്‌കൂളിലും ഹയര്‍ സെക്കന്ററിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം. ഇതുപ്രകാരം എല്‍ പി യില്‍ 160 ദിവസവും യു പി യില്‍ 200 ദിവസവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് മാത്രം 220 ദിവസവും പ്രവര്‍ത്തി ദിവസമാക്കിയാല്‍ മതി. സ്‌കൂള്‍ മേളകളുള്‍പ്പെടെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവധി ദിവസങ്ങളിലും അധ്യാപകര്‍ ഹാജരാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 200 പ്രവര്‍ത്തിദിനങ്ങള്‍ നിജപ്പെടുത്തിയത്. യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് KPSTA ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി എം അനൂപ് അധ്യക്ഷത വഹിച്ചു. ബിജു മാത്യു, ടി എന്‍ സജിന്‍, എം പ്രദീപ്കുമാര്‍, ജോസ് മാത്യു, ജോണ്‍സണ്‍ ഡിസില്‍വ, എം പി കെ ഗിരീഷ്‌കുമാര്‍, ബിന്ദു തോമസ്, ശ്രീജേഷ് ബി നായര്‍, പി മുരളീദാസ്, വിനോദ് കുമാര്‍ പി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *